പേരാമ്പ്ര പെരുമയുടെ പെരുമ്പറ മുഴങ്ങുന്നു
പെരുമയ്ക്ക് നാളെ തിരശ്ശീല ഉയരും

പേരാമ്പ്ര: കലയുടെയും സംസ്കാരത്തിൻ്റെയും ഭൂമിയിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന പേരാമ്പ്രയിൽ മറ്റൊരു മഹോത്സവത്തിന് തുടക്കം കുറിക്കുകയാണ്. സർവ്വ മേഖലകളിലുമുള്ള പേരാമ്പ്രയുടെ പെരുമ വിളിച്ചോതി പേരാമ്പ്രക്കാർ ഇതുവരെ കണ്ടതിനപ്പുറം കാഴ്ചയുടെയും കേൾവിയുടെയും വിസ്മിയിപ്പിക്കുന്ന അനുഭവങ്ങളുമായി പേരാമ്പ്ര പെരുമയ്ക്ക് ഏപ്രിൽ ഒന്നിന് തിരശ്ശീല ഉയരും. തുടർന്ന് 12 രാവുകൾ പേരാമ്പ്രയും പരിസരവും കലകളുടെ സമ്മേളനം കൊണ്ട് മുഖരിതമാകും.
രാജ്യത്തുതന്നെ ശ്രദ്ധിക്കപ്പെട്ട കലാകാരന്മാരും സംഘങ്ങളുമാണ് തങ്ങളുടെ മാസ്റ്റർപീസ് പരിപാടികളുമായി പേരാമ്പ്രയിൽ എത്തുന്നത്. മത്സ്യ മാർക്കറ്റിൽ സമീപം ഒരുക്കുന്ന പ്രധാന വേദിയിൽ കലാ മാമാങ്കത്തിന് ഏപ്രിൽ 12ന് തിരശ്ശീല താഴുമ്പോൾ പേരാമ്പ്രക്കാർക്ക് അത് സമ്മോഹനമായ അനുഭവമായി മാറും. ഏപ്രിൽ ഒന്നിന് കുട്ടികളുടെ നാടകോത്സവത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയ മൂന്നു നാടകങ്ങൾ അരങ്ങേറും. രണ്ടിന് വൈകിട്ട് 6.30 ന് എക്കാലവും മലയാളിയെ സംഗീതത്തിൻ്റെ മാതളത്തേൻ നുണയിച്ച വി.ടി. മുരളി നയിക്കുന്ന ഗാനമേള പ്രസിദ്ധ ഗായിക ദലീമ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകിട്ട് 6 30ന് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിൻ്റെ ബിഗ് ബജറ്റ് നാടകം 'മാടൻ മോക്ഷം' അരങ്ങേറും. നാലിന് വൈകിട്ട് വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഡാൻസ് പെരുമ, അഞ്ചിന് വൈകിട്ട് ആറുമണിക്ക് യൂ അജിൻ നയിക്കുന്ന മ്യൂസിക് ബാൻഡ്, ആറിന് വൈകിട്ട് ഏഴിന് കുടുംബശ്രീ ഫെസ്റ്റ് എന്നിവ നടക്കും.
ഏപ്രിൽ ഏഴിന് വൈകുന്നേരം ഏഴ് മണിക്ക് ബഹുമാന്യനായ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പേരാമ്പ്ര പെരുമയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ് പരിപാടിയിൽ മുഖ്യാതിഥിയാവും. തുടർന്ന് മലയാളിയുടെ ഹൃദയ താളമായി മാറിയ സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
ഏപ്രിൽ എട്ടിന് വൈകിട്ട് ഏഴിന് യുവതലമുറയുടെ ഹരമായി മാറിയ ഏഷ്യൻ ഡ്രാഗൺ ഡാൻസ് ടീം അവതരിപ്പിക്കുന്ന ഡാൻസ് ഓൺ വീൽസ് പേരാമ്പ്രക്കൊപ്പം നൃത്തം ചെയ്യും. 9ന് വൈകുന്നേരം 7 മണിക്ക് നാട്ടു നാട്ടു ഫെയിം ഗായകൻ യാസിൻ നിസാറിന്റെ നേതൃത്വത്തിലുള്ള കലാ കേരളം അരങ്ങത്തെത്തും. ഏപ്രിൽ 10 വൈകിട്ട് 5 മണിക്ക് ആയോധനകലയുടെ അടവുകൾ കലർന്ന വ്യതിരിക്തമായ നൃത്തച്ചുവടുകൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചലച്ചിത്ര നടി റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന നൃത്ത പ്രകടനം, 11ന് വൈകിട്ട് 7 മണിക്ക് ഹനാൻ ഷാ ആൻ്റ് ബാൻ്റും, അവസാന ദിവസമായ 12ന് വൈകുന്നേരം ഏഴുമണിക്ക് ആട്ടം തേക്കിൻ കാട് അവതരിപ്പിക്കുന്ന ബാൻ്റ് പെർഫോമൻസും അരങ്ങേറും.
പേരാമ്പ്രയിലും പരിസരത്തും ഉള്ള വിദ്യാർത്ഥികൾക്കു് തൊഴിലിനെ കുറിച്ചുള്ള കൃത്യമായ അവബോധം നൽകുന്ന കരിയർ ഫെസ്റ്റ്, ഫുട്ബോളിൻ്റെ ലഹരി സമ്മാനിക്കുന്ന മഡ് ഫുട്ബോൾ, ചലച്ചിത്രോത്സവം, സാഹിത്യോത്സവം, മെഗാമെഡിക്കൽ എക്സിബിഷൻ, മെഹന്തി ഫെസ്റ്റ്, കുടുംബശ്രീ വിപണമേള, കാർഷിക വിപണനമേള, റോബോട്ടിക് ഷോ, പെറ്റ് ആൻഡ് ആനിമൽ ഷോ, അമ്യൂസ്മെൻ്റ് ഷോ, മാധ്യമ സെമിനാർ, ഫുഡ് ഫെസ്റ്റ്, ലഹരിക്കെതിരെ മിനി മാരത്തോൺ, അലങ്കാര പേരാമ്പ്രയുടെ പോയകാലത്തിൻ്റെ കഥ പറയുന്ന ഭാഗമായി നടക്കും മത്സ്യപ്രദർശനം തുടങ്ങിയവയും പേരാമ്പ്ര ചന്തയും പെരുമയുടെ ഭാഗമായി നടക്കും.