ജനകീയ വായനശാല വെള്ളിയൂരിൽ വായനക്കളരി 2025 ക്യാമ്പിന് തുടക്കം കുറിച്ചു
പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂരിൽ ബാലവേദിയുടെ നേതൃത്വത്തിൽ വായനക്കളരി 25 ബാലവേദി ക്യാമ്പിന് തുടക്കമായി. പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ നിന്നു മോചിപ്പിക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക, രാസലഹരിയ്ക്കെതിരെ അവബോധം വളർത്തുക, ശാസ്ത്ര, യുക്തി ചിന്തയെ പ്രോൽസാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശമനുസരിച്ച് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ വായനശാല പ്രസിഡൻ്റ് എസ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ എം.കെ. ഫൈസൽ ക്യാമ്പ് വിശദീകരിച്ചു. ക്യാമ്പ് ഡയറക്ടർ പ്രകാശൻ വെള്ളിയൂർ സ്വാഗതവും, ക്യാമ്പ് ജോ. ഡയറക്ടർ ലതിക രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് 'പാടാം നമുക്ക് പാടാം' എന്ന വിഷയത്തിൽ പ്രശസ്ത നാടക സംസ്ക്കാരിക പ്രവർത്തകൻ പ്രകാശൻ വെള്ളിയൂർ വിദ്യാർത്ഥികളുമായി സംവദിച്ചു.
ഏപ്രിൽ 23 മുതൽ മെയ് 20 വരെയാണ് ക്യാമ്പ്. ഭാഷാ പഠനം, കഥ, കവിത, അഭിനയം, രചന, പാട്ട്, മാജിക്ക്, മാർഷൽ ആർട്ട്സ്, പ്രഥമ ശ്രുശ്രൂഷ, സിനിമ, വിജ്ഞാനം, നൃത്തം, ട്രാഫിക്ക് നിയമങ്ങൾ, കുരുത്തോല കളരി, കുട്ടികളികൾ, പ്രസംഗ പരിശീലനം, ഇശൽ, അഭിനയം, റീൽസ് നിർമ്മാണം, ആരോഗ്യവും, ശുചിത്വവും, പാട്ടുപെട്ടി, നേത്യത്വ പാടവം, നാടൻ പാട്ടുകൾ, നാടകം, കമ്മൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രകൃതി നടത്തം, കവിതാ കിലുക്കം,തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പുത്തനുണർവ്വ് പകരുക, അവധിക്കാലം ക്രിയാത്മകമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പിനുള്ളത്. 45 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 3.30 മുതൽ 5.30 വരെയാണ് ക്യാമ്പ്. ക്യാമ്പ് ജോ. ഡയറക്ടർമാരായ കാദർ വെള്ളിയൂർ, എ. ജമാലുദ്ധീൻ, എം.സി. ഉണ്ണികൃഷ്ണൻ, ലൈബേറിയ സി.പി. സജിത എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.