പ്രായത്തിന്റെ അവശതകൾ മറന്ന് ലഹരിക്കെതിരെ തിക്കോടിയിൽ മുതിർന്ന പൗരന്മാരുടെ പദയാത്ര
സമാപന സമ്മേളനം എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു

തിക്കോടി: തീക്കാറ്റ് പോലെ അനുദിനം പടർന്നുപിടിക്കുന്ന ലഹരി മാഫിയയ്ക്കും, അതുണ്ടാക്കുന്ന ദുരന്തങ്ങൾക്കുമെതിരെ മുതിർന്ന പൗരന്മാരും രംഗത്തിറങ്ങി. കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് പദയാത്ര നടത്തി. പഞ്ചായത്ത് മുക്കിൽ നിന്നും ആരംഭിച്ച യാത്ര ഒന്നര കിലോമീറ്റർ അപ്പുറം സഞ്ചാരികളുടെ കേന്ദ്രമായ കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ സമാപിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനം എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ശാന്ത കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകനായ ഹാഷിം കോയ തങ്ങൾ, സ്റ്റേറ്റ് കൗൺസിലർ ബാലൻ കേളോത്ത്, ജില്ലാ കൗൺസിലർ കാട്ടിൽ മുഹമ്മദലി, വിമല, കെ.എം. അബൂബക്കർ, ബാലകൃഷ്ണൻ മണിയോത്ത് എന്നിവർ സംസാരിച്ചു.
സെക്രട്ടറി പി. രാമചന്ദ്രൻ നായർ, സ്വാഗതവും, സുമതി വായാടി നന്ദിയും രേഖപ്പെടുത്തി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ പ്രചരണം നടത്താനുമുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.