നാടിന്റെ സ്നേഹസംഗമമായി നങ്ങാറത്ത് ലക്ഷ്മി കുട്ടി അമ്മയുടെ നൂറാം പിറന്നാളാഘോഷം "ധന്യം"
നങ്ങാറത്ത് തറവാട്ട് മുറ്റത്ത് ഭദ്രദീപം തെളിയിച്ചു കൊണ്ട് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

നടുവണ്ണൂർ:കാലത്തിന് കയ്യൊപ്പ് ചാർത്തി ചരിത്രത്തിൽ ഇടം നേടിക്കൊണ്ട് നങ്ങാറത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെനൂറാം പിറന്നാൾ " ധന്യം : ധന്യതയുടെ, തികവിന്റെ , നിറവിന്റെ നൂറ് മഹിത വർഷങ്ങൾ " എന്ന പേരിൽ ആഘോഷിച്ചു. നങ്ങാറത്ത് കുട്ടി പാർവ്വതി അമ്മയുടെയും നീലിയത്ത് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മകളായി 1101-ാം ആണ്ട് തൃക്കേട്ട നക്ഷത്രത്തിൽ ലക്ഷ്മിക്കുട്ടിയമ്മ ഭൂജാതയായി.
50 പതിറ്റാണ്ടുകൾക്ക് അപ്പുറത്തുള്ള ഒക്കോട്ട് കുടുംബ ത്തിന്റെ വിജയ ചരിത്രവുമായി കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു കുടുംബത്തിന് തുടക്കം കുറിച്ചു. ശേഷം നങ്ങാറത്ത് കുടുംബവും അതിനു ശേഷം പുതിയടത്ത് കുടുംബവും പിറവിയെടുത്തു. ഇത് നാട്ടിൽ പി.എൻ.ഒ : പുതിയടത്ത് , നങ്ങാറത്ത്, ഒക്കോട്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു.പൂ പുഞ്ചിരിയുടെ നിറവെളിച്ചവുമായി നങ്ങാറത്ത് തറവാട് നമ്മുടെ നാടിന്റെ അന്നദാനത്തിന്റെയും വിദ്യാദാനത്തിന്റെയും സ്നേഹ ത്തിന്റെയും ഇടമായി. നങ്ങാറത്ത് ലക്ഷ്മിക്കുട്ടിയമ്മ കോട്ടൂർ എ.യു.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി. പരേതനായ പുന്നശ്ശേരി രാഘവൻ നായരുടെ ഭാര്യയായി വൈവാഹിക ജീവിതം ആരംഭിച്ചു.
ഗോപാലൻകുട്ടി നായർ, മീനാക്ഷി അമ്മ, ശ്രീനിവാസൻ നായർ, മീര, ഗിരിജ, പരേതനായ ശശിധരൻ നായർ, പരേതനായ സുരേന്ദ്രൻ നായർ, മഹേന്ദ്രൻ എന്നിവർ മക്കളാണ്.നടുമുറ്റത്തോടുകൂടിയ എട്ടുകെട്ടിലെ ഇടനാഴിയിലും പൂമുഖത്തും ലക്ഷ്മിക്കുട്ടിയമ്മയുടെ വിജയപാദങ്ങൾ അടയാളപ്പെട്ട താണ്. കുളപ്പുരയോട് കൂടിയ കുളക്കടവിൽ പഴയ കാലത്ത് കുട്ടികൾ നീന്തുവാനും എല്ലാവരെ യും നീന്തൽ പഠിപ്പിക്കാനും ഇടം കണ്ടെത്തിയിരുന്നു. തലമുറകളുടെ കൂട്ടായ്മയായി തറവാട്ട് മുറ്റത്ത് നാടും നാട്ടുകാരും മുത്തശ്ശി യോടൊപ്പം ഒത്തുചേർന്നു.
നങ്ങാറത്ത് തറവാട്ട് മുറ്റത്ത് ഭദ്രദീപം തെളിയിച്ചു കൊണ്ട് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗായിക റിതിക പ്രാർത്ഥനാ ഗീതം ആലപിച്ചു. നങ്ങാറത്ത് മഹേന്ദ്രൻ സ്നേഹ സ്വാഗതം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. അനിത, കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുജിത്ത്, ചലച്ചിത്ര താരങ്ങളായ ഊർമ്മിള ഉണ്ണി, ഉത്തര ഉണ്ണി, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ , അയൽക്കാർ , നാട്ടുകാർ, ബന്ധുക്കൾ, കുടുംബാംഗങ്ങൾ എല്ലാവരും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഉപഹാരങ്ങൾ സമർപ്പിച്ചു.
പിറന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് മുഹമ്മദ് സി അച്ചിയത്ത് രചിച്ച സന്ദേശ ഗീതം അമ്മയ്ക്ക് സമർപ്പിക്കുകയും, ഒക്കോട്ട് രഞ്ജിത്ത് ആലപിക്കുകയും ചെയ്തു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഗായിക റിതിക, സുധീഷ് കോട്ടൂർ , രഞ്ജിത്ത് ഒക്കോട്ട്, അനീഷ് പേരാമ്പ്ര തുടങ്ങിയവർ നയിച്ച ഗാനാലാപന പരിപാടി നടന്നു. ഐശ്വര്യ ജി നായർ , മേധ, അമയ എന്നിവരുടെ നൃത്തങ്ങൾ, കേക്ക് മുറിക്കൽ , രണ്ടു കൂട്ടം പായസം ഉൾപ്പെട്ട പിറന്നാൾ സദ്യ , ഫോട്ടോ സെഷൻ എന്നിവയും നടന്നു.