ചെക്കിട്ടപാറ പെരുവണ്ണാമൂഴി റൂട്ടിൽ ബസ്സുകൾ പകുതി ദൂരം മാത്രം സർവീസ് നടത്തുന്നതിനെതിരെ സമരവുമായി രാജൻ വർക്കി
പെരുവണ്ണാമൂഴി ആശുപത്രി ഭാഗത്ത് റോഡിൽ 100 മീറ്ററോളം മൊത്തം ചെളിയാണ്
പെരുവണ്ണാമൂഴി: ചക്കിട്ടപാറ - പെരുവണ്ണാമൂഴി റൂട്ടിൽ ബസ് സർവീസ് നടത്തുന്നത് പകുതി ദൂരം മാത്രം. മലയോര ഹൈവേയുടെ പണി കാരണം പെരുവണ്ണാമൂഴി ആശുപത്രി ഭാഗത്ത് റോഡിൽ 100 മീറ്ററോളം മൊത്തം ചെളിയാണ്. വാഹന യാത്രക്കാരും കാൽ നടയാത്രക്കാരും വ്യാപകമായി തെന്നി വീഴുന്നതായി പരാതി ഉയർന്നപ്പോൾ ടാർ വീപ്പ നിരത്തി പാത അടച്ചു. കയറും കെട്ടിയിരുന്നു. റോഡ് അടച്ചു എന്ന് നാഥനില്ലാത്ത ഒരു ബാനറും സ്ഥാപിച്ചിട്ടുണ്ട്. ഇതിലേ പോവുക എന്ന ഉപ എഴുത്തും ഇതിലുണ്ട്. അതിലേ പോയവരെല്ലാം വഴിയിൽ കുടുങ്ങി.
ഇതോടെ കയർ പൊട്ടിച്ച് ചെറു വാഹനങ്ങൾ ഇഴഞ്ഞ് നേരെ ഓടി. ബസുകൾ ട്രിപ്പ് ആശുപത്രിപ്പടി വരെയാക്കി തിരിച്ചു പോയി. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്ന 108 നമ്പർ ആംബുലൻസും പെരുവണ്ണാമൂഴി ഭാഗത്തേക്ക് പോകാനാകാതെ കുടുങ്ങിയിരിക്കുകയാണ്. പത്ത് ലോഡ് ക്വാറി വേസ്റ്റിട്ടാൽ തീരുന്ന പ്രശ്‌നമേയുള്ളൂ. റോഡിൻ്റെ നാഥൻമാരും കുടിവെള്ള വകുപ്പും തമ്മിൽ ശീത യുദ്ധമുണ്ടെന്നാണ് ചെളി ഏത് വകുപ്പാണ് നിക്കേണ്ടതെന്ന തർക്കമാണ് യാത്രക്കാർക്ക് ദുരിതമായത്. ' നാഥിനില്ലാത്ത ചക്കിട്ടപാറ - ഈ ചെളിക്കുഴിയിൽ നിന്ന് യാത്രക്കാരെ ആര് രക്ഷിക്കും' എന്ന പ്ലക്കാർഡുമായി ഇന്നലെ വൈകുന്നേരം നാലോടെയാണ് ചക്കിട്ടപാറയിലെ പൊതു പ്രവർത്തകനായ രാജൻ വർക്കി ചെളിക്കെട്ടിൽ സമരം നടത്തിയത്. തുടർന്ന് അരമണിക്കൂറിനുള്ളിൽ അര ലോഡ് ക്വാറി വേസ്റ്റുമായി ടിപ്പർ ലോറി സ്ഥലത്ത് എത്തി. പിന്നാലെ ജെ.സി.ബി.യും എത്തിച്ചു. കണ്ണിൽ പൊടിയിടാനെന്നോണം അത് നിരത്തിയ ശേഷം ലോറിയും പോയി. ഇത് കടലിൽ കായം കലക്കുന്നതു പോലെയാണെന്ന് രാജൻ വർക്കി പറഞ്ഞു.

