ഓർമ്മയിൽ ഒരു പരിസ്ഥിതി ദിനം കൂടി
വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ വൃക്ഷതൈ നട്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു

നടുവണ്ണൂർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് ലോകം സഞ്ചരിച്ച ആളുടെ ഓർമയ്ക്കായി ലോക പരിസ്ഥിതി ദിനത്തിൽ അദ്ദേഹം സേവനമനുഷ്ഠിച്ച വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ വൃക്ഷതൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. 1942 മുതൽ 1947 വരെ രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത് സിങ്കപ്പൂർ, മലേഷ്യ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ച ചെട്ടിയൂർ മാധവൻ നായരുടെ ഓർമയ്ക്കായി മകനും മുൻ മാനേജരുമായ ഒ.എം. കൃഷ്ണകുമാർ വൃക്ഷതൈ നട്ടു.
യുദ്ധ സേവനത്തിനു ശേഷം മദിരാശി ഗവ. സ്റ്റാൻലി ഹോസ്പിറ്റലിൽ ജോലി ലഭിച്ച് 4 വർഷം പൂർത്തിയായപ്പോൾ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് 1952ൽ സ്ഥലമാറ്റം ലഭിച്ചെങ്കിലും ജോലി രാജി വെച്ച് സ്കൂൾ പുരോഗതിയ്ക്കായി വാകയാട് ഹൈസ്കൂളിൽ ചേരുകയും വിരമിക്കുകയും ചെയ്തു. 1950 വർഷത്തിൽ സ്കൂൾ സ്ഥാപിക്കുമ്പോൾ സെക്രട്ടറിയും പിന്നീട് രണ്ടു തവണ എം.എൽ.എയുമായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവ്, പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ എന്നിവരുടെ ഓർമയ്ക്കായി കൃഷ്ണകുമാർ നട്ട വൃക്ഷതൈകളും സ്കൂൾ സ്ഥലത്ത് വളർന്നു നിൽക്കുന്നു. പ്രഥമാധ്യാപിക ടി. ബീന, കെ.സി. പ്രസി, എം.ആർ. സ്മിത, കെ.പി. അബ്ദുൾ അസീസ്, എൻ. ശിവദാസൻ, ജ്യോതി കൃഷ്ണൻ ബി.എ. എന്നിവർ സംബന്ധിച്ചു.