അംഹാസ് ചാലിക്കര പ്രതിഭകളെ അനുമോദിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാശങ്കർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചാലിക്കരയിലെ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ അംഹാസ് ചാലിക്കര (അസോസിയേഷൻ ഫോർ മ്യൂച്ചൽ ഹെൽപ്പ് ആൻ്റ് സോഷ്യൽ സർവീസ്) സമൂഹത്തിൽ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു. അംഹാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന സംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാശങ്കർ ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡൻ്റ് എം കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
2024 ലെ കുറ്റാന്വേഷണമികവിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണർ നേടിയ നാട്ടുകാരനായ കുറ്റ്യാടി പോലീസ് ഇൻസ്പെകടർ കൈലാസ് നാഥ് എസ്.ബിയേയും കോഴിക്കോട് പി.എസ്.സി., എൽ.പി.എസ്.ടി. പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിജിത്ത് കെ.കെയേയും പ്രഭാശങ്കർ സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു. 2024-25 വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മധുകൃഷ്ണൻ, ലിമ പാലയാട് എന്നിവർ സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു.
പ്രൊഫസർ ടി. നാരായണൻ, എസ്.കെ. അസൈനാർ, എൻ. ഹരിദാസ്, രാജീവൻ കുറുങ്ങോട്ട്, എം. കുഞ്ഞിരാമുണ്ണി, പി. വിജയൻ, കെ.പി. ആലിക്കുട്ടി, ലത്തീഫ് വെള്ളിലോട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അംഹാസ് സെക്രട്ടറി വി. സത്യൻ സ്വാഗതവും മുനീർ കുന്നത്ത് നന്ദിയും പറഞ്ഞു.