ലോക പിതൃദിനത്തിൽ കീഴരിയൂരിൽ പിതാവിന് സ്നേഹാദരം
നരക്കോട് ചുണ്ടർകണ്ടി മീത്തൽ കുഞ്ഞിക്കേളപ്പനെയാണ് ആദരിച്ചത്

കീഴരിയൂർ: ഇന്ന് ലോക പിതൃദിനം, ഓരോ വീട്ടിനും കാവലും ഉറപ്പുമാണ് അച്ഛൻ. കുടുംബത്തിൻ്റെ അഭിവൃദ്ധിക്കായി അധ്വാനവും വിയർപ്പും സ്നേഹവും നൽകി കുടുംബത്തെ മെനയുന്ന ശില്പിയാണയാൾ. ജീവിതത്തിൽ തിരിച്ചടികൾ നേരിടുമ്പോൾ പതറിപ്പോകുന്ന പിതാക്കൻമാരുണ്ട്. താൻ ജന്മം നൽകിയ മക്കൾ ജീവിത വഴികളിൽ ആകസ്മികമായി ഇടറി വീണു പോകുമ്പോൾ ചെറുപ്പത്തിൽ കൈ പിടിച്ച് നടത്തിച്ചതുപോലെ ഇപ്പോഴും അവരുടെ ഓരോ ചലനത്തിലും കൂട്ടിരുന്നു കാക്കുന്ന നിരവധി അച്ഛന്മാരുണ്ട്. അത്തരത്തിൽ ഒരാളാണ് നരക്കോട് ചുണ്ടർകണ്ടി മീത്തൽ കുഞ്ഞിക്കേളപ്പൻ.
മുപ്പത് വർഷം മുമ്പ് അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതംപറ്റി കിടപ്പിലായ മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഈ അച്ഛനെ ലോക പിതൃദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കെയർ ആദരിച്ചു. ഡ്രൈവറായി ജോലി ചെയ്യവേ ഇരുപത്തിരണ്ടാം വയസ്സിലാണ് മകൻ അശോകന് അപകടം പറ്റിയത്. മകൻ കിടപ്പിലായതോടെ കൂലിപ്പണിക്കാരനായ കുഞ്ഞിക്കേളപ്പൻ പിന്നീട് ജോലിക്ക് പോകാൻ കഴിയാതെ മുഴുവൻ സമയവും അശോകനെ പരിചരിച്ച് വീട്ടിൽ തന്നെ കഴിയുകയാണ്.
കൈൻഡ് ചെയർമാൻ കെ. പ്രഭാകരക്കുറുപ്പ് കുഞ്ഞിക്കേളപ്പനെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് ഉപഹാരം നൽകി. കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ, വൈസ് ചെയർമാൻ ശശി പാറോളി, സെക്രട്ടറി യു.കെ. അനീഷ്, കെ. അബ്ദുറഹ്‌മാൻ, അർജുൻ ഇടത്തിൽ എന്നിവർ സംബന്ധിച്ചു.