കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ "ലഹരിക്കെതിരെ രക്ഷാകവചം"
ബാലുശ്ശേരി പോലീസ് സർക്കിൾ ഇൻസ്പക്ടർ ദിനേശ്. ടി.പി ഉദ്ഘാടനം ചെയ്തു.

കോക്കല്ലൂർ:ലോക ലഹരി വിരുദ്ധ ദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ " ലഹരിക്കെതിരെ രക്ഷാകവചം " എന്ന പേരിൽ വിവിധ പരിപാടികൾ നടന്നു. വിശാലമായ സ്കൂൾ മൈതാനത്ത് ഇരുവശങ്ങളിലുള്ള രണ്ട് കെട്ടിടങ്ങൾക്കിടയിൽ വർണ്ണ മനോഹരമായ ഒരു രക്ഷാകവചമൊരുക്കി അതിൽ നിറയെ മൈതാനത്തിൽ നിന്ന് മുകളിലോട്ട് നോക്കിയാൽ കാണുന്ന തരത്തിൽ വിവിധ നിറങ്ങളിൽ എഴുതിയ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുള്ള തൂക്കു പ്ലക്കാർഡുകൾ ഒരുക്കിയാണ് ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ബാലുശ്ശേരി പോലീസ് സർക്കിൾ ഇൻസ്പക്ടർ ദിനേശ്. ടി.പി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എക്സൈസ് ഇൻസ്പക്ടർ ദ്രുപത് ലഹരി വിരുദ്ധ സന്ദേശം നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ സുരേഷ് ബാബു, പ്രിൻസിപ്പൽ എൻ.എം.നിഷ, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, സീനിയർ അസിസ്റ്റന്റും സ്കൗട്ട് മാസ്റ്ററുമായ മുഹമ്മദ് സി അച്ചിയത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിഷ എന്നിവർ സംസാരിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുടെ പ്രദർശനം, ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം, പോസ്റ്റർ രചന , "ലഹരി ഒരു സാമൂഹിക വിപത്ത് " എന്ന വിഷയത്തിൽ ഉപന്യാസരചന മത്സരം, ലഹരി വിരുദ്ധ റാലി എന്നിവ നടന്നു. സ്കൗട്ട് ട്രൂപ്പ് ലീഡർ കൃഷ്ണനുണ്ണി നേതൃത്വം നൽകി.