ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും; വിസ്ഡം
പയ്യോളി മണ്ഡലം ദഅവ സംഗമം വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീർ സലഫി ഉദ്ഘാടനം ചെയ്തു

പയ്യോളി: ഭരണ സംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണവും, ഒളിച്ച് കടത്തലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച പയ്യോളി മണ്ഡലം ദഅവ സംഗമം 'അത്തൻവീർ' അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീർ സലഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷനായി. മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. പ്രബോധനത്തിന് പ്രവാചക മാതൃക അവതരിപ്പിച്ചു കൊണ്ട് ഉനൈസ് സലാഹി ക്ലാസ് എടുത്തു.
സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം വലിയ ജാഗ്രത പുലർത്തണമെന്നും സംഗമം ഓർമ്മപ്പെടുത്തി. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ മത സംഘടനകൾ അഭിപ്രായം പറയുന്നതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യാവകാശങ്ങളെയും മാനിക്കാൻ എല്ലാവർക്കും സാധിക്കണം. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതു മേഖലയിൽ വരുത്തുന്ന പരിഷ്ക്കാരങ്ങളും നിർദ്ദേശങ്ങളും സോഷ്യൽ ഓഡിറ്റിംഗിനും, ചർച്ചക്കും വിധേയമാക്കാൻ സർക്കാർ തയ്യാറാകണം.
ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സകരിയ കരിയാണ്ടി, മുഹമ്മദ് അലി നന്തി, അബ്ദുറസാക് കുന്നുമ്മൽ, മുസ്തഫ പയ്യോളി എന്നിവർ സംസാരിച്ചു. സഫീർ പയ്യോളി നന്ദി പറഞ്ഞു.