ചരിത്രം ഓർമിക്കുന്നത് തെറ്റുകൾ തിരുത്താൻ: റഫീഖ് അഹ്മദ്
കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി സുവനീർ "യുഡെമോണിയ" പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റ്യാടി: ചരിത്രം പഠിക്കുന്നത് മുൻകാലത്തുള്ള തെറ്റുകൾ തിരുത്താനും പുതിയ ചരിത്രം രചിക്കാനുമാണെന്ന് പ്രശസ്ത കവി റഫീഖ് അഹ്മദ് പറഞ്ഞു.എല്ലാ കുട്ടികളും പൊതു വിദ്യാലയത്തിൽ ഇഴുകിച്ചേർന്ന് പഠിക്കുമ്പോഴാണ് മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾ ഇല്ലാതാകുന്നത്. വരും തലമുറക്ക് വേണ്ടി വല്ലതും ചെയ്ത് വെക്കാൻ പൊതു വിദ്യാലയങ്ങൾക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി സുവനീർ "യുഡെമോണിയ" പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നെ ഞാനാക്കി മാറ്റിയതിൽ നാട്ടിൻ പുറത്തെ പൊതുവിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി ടി എ പ്രസിഡന്റ് വി കെ റഫീഖ് അധ്യക്ഷനായ ചടങ്ങിൽ ചീഫ് എഡിറ്റർ സി ജോജി സുവനീർ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. സെഡ് എ ഷമീം, ഹെഡ് മിസ്ട്രസ് എൻ വന്ദന, നാസർ തയ്യുള്ളതിൽ, എൻ കെ ഫിർദൗസ്, എ കെ ഷിംന, പി സി പ്രകാശൻ, വി വി അനസ്, കെ ഹാരിസ്, വി എം ഖാലിദ് എന്നിവർ സംസാരിച്ചു.