നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്
എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറിയെ അക്രമിച്ച മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും നടപടിയെടുക്കുക, അരാഷ്ട്രീയ ഗ്യാങ്ങുകളെ നിലയ്ക്ക് നിർത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ച്
നടുവണ്ണൂർ : നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറിയെ അക്രമിച്ച മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും നടപടിയെടുക്കുക അരാഷ്ട്രീയ ഗ്യാങ്ങുകളെ നിലയ്ക്ക് നിർത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ് എഫ് ഐ , ഡി വൈ എഫ് ഐ സംയുക്തമായി സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിനകത്ത് റാഗിങ്ങിനെ ചോദ്യം ചെയ്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായ ആദിദേവിനെയും പ്ലസ് വൺ വിദ്യാർത്ഥികളെയും ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ റാഗിംന് വിധേയമാക്കി ക്രൂരമായി മർദിച്ചിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
മാർച്ച് സി.പി.ഐ (എം) നടുവണ്ണൂർ ലോക്കൽ സെക്രട്ടറി ജിജീഷ് മോൻ ബി.കെ ഉദ്ഘാടനം ചെയ്തു.എസ്. എഫ്. ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് രാജ്, ഡി.വൈ.എഫ്. ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.അതിത്ത്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആദർശ്, പ്രസിഡന്റ് നെവിൻ എന്നിവർ മാർച്ചിൽ അഭിവാദ്യം ചെയ്ത സംസാരിച്ചു. ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല ട്രഷറർ ധ്യാൻ കൃഷ്ണ സ്വാഗതം പറഞ്ഞ പ്രതിഷേധ മാർച്ചിൽ എസ് എഫ് ഐ നടുവണ്ണൂർ ലോക്കൽ സെക്രട്ടറി റോഹൻ ചന്ദ്ര അദ്ധ്യക്ഷനായി.

