നടുവണ്ണൂരിൽ അപകട ഭീഷണി ഉയർത്തി റോഡരികിൽ നിർത്തിയിട്ട കാറുകൾ
സ്ഥിരം അപകടമേഖലയായ ഇവിടെ മുൻപ് നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്

നടുവണ്ണൂർ: നടുവണ്ണൂർ പേരാമ്പ്ര റൂട്ടിൽ കൂട്ടാലിട ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്കിന് സമീപം റോഡരികിൽ വർഷങ്ങളായി നിർത്തിയിട്ട കാറുകൾ അപകട ഭീഷണി ഉയർത്തുന്നു. വർക്ക്ഷോപ്പിൽ സർവീസ് ചെയ്യാൻ കൊണ്ടു വരുന്ന കാറുകളാണ് മാസങ്ങളും വർഷങ്ങളും ആയി റോഡിനോട് ചേർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ നിർത്തിയിട്ടിരിക്കുന്നത്. നേരിയ കയറ്റവും വളവുമുള്ള ഇവിടെ മുൻപ് നിരവധി വാഹനാപകടങ്ങൾ നടന്നിരുന്നു. മഴക്കാലമായപ്പോൾ കാറിന് ചുറ്റും കാട് വളർന്നുവന്ന് എതിരെ വരുന്ന വാഹനങ്ങൾക്ക് കാണാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
റോഡിനോട് ചേർന്ന് നിർത്തി ഇട്ടിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് നടന്നുപോകാൻ പറ്റാത്ത വിധമാണ് ഉള്ളത്. വർഷോപ്പിൽ സർവീസിനായി കൊണ്ടുവരുന്ന കാറുകൾ റോഡിൻറെ ഇരുവശങ്ങളിലും അനധികൃതമായി നിർത്തിയിടുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഇരുവശത്തു നിന്നും വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ പറ്റാത്ത രീതിയിലാണ് ഇവിടെയുള്ളത്.
ഡ്രൈവർമാരെയും യാത്രക്കാരെയും റോഡ് നിയമങ്ങൾ പാലിക്കുന്നതിന് കർശനമായ നടപടി സ്വീകരിക്കുന്ന മോട്ടോർ വാഹന വകുപ്പു പോലീസും ഇക്കാര്യത്തിൽ ഒരു നടപടിയും എടുത്തിട്ടില്ല. തൽക്കാലികമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ കുറിച്ച് പലരും പരാതി പറയുമെങ്കിലും ഇങ്ങനെ വർഷോപ്പുകൾക്ക് മുമ്പിലും അനധികൃതമായി നിർത്തിയിടുന്ന ബൈക്കുകളും മറ്റ് വാഹനങ്ങളും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.