യാത്രാക്ലേശത്തിന് പരിഹാരം; സഹോദരികൾക്ക് നടുവണ്ണൂർ പഞ്ചായത്തിൻ്റെ ഓണസമ്മാനം
നടപ്പാലത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ നിർവഹിച്ചു

നടുവണ്ണൂർ: യാത്രാക്ലേശത്തിന് പരിഹാരമായി സഹോദരങ്ങൾക്ക് നടുവണ്ണൂർ പഞ്ചായത്തിൻ്റെ ഓണ സമ്മാനം. അതി ദരിദ്രകുടുംബാംഗങ്ങളായ വിളക്കാടൻ വീട്ടിൽ നാരായണി, ലക്ഷ്മി സഹോദരികൾക്കാണ് യാത്രാക്ലേശത്തിന് പരിഹാരമാകുന്നത്. വില്ലൂന്നിമലയുടെ പടിഞ്ഞാറ് മെയിൻ കനാലിനോട് ചാഞ്ഞും ചരിഞ്ഞും കിടക്കുന്ന മലമടക്കിൽ സർക്കാർ സഹായത്തോടെ നിർമിച്ച വീട്ടിൽ കഴിയുന്ന ഇവർക്ക് യാത്രാ യോഗ്യമായ വഴിയെന്നത് ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു.
ക്ഷേമപെൻഷനല്ലാതെ സ്ഥിരമായ ഒരു വരുമാനവും ഇല്ലാതിരുന്ന ഇവർക്ക് കനാൽ കടന്നാൽ മാത്രമേ സാമ്പത്തികമോ സാമൂഹ്യമോ ആയ എന്തെങ്കിലും ആവശ്യങ്ങൾ നിർവഹിക്കപ്പെടൂവെന്ന സ്ഥിതിയായിരുന്നു. കുറച്ചുകാലം മുമ്പ് ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെ തെങ്ങു കൊണ്ടുള്ള പാലം നിർമ്മിച്ചിരുന്നു. അത് ഏറെക്കാലം നിലനിന്നില്ല. പിന്നീടാണ് പഞ്ചായത്ത് അവിടെ ഒരു നടപ്പാലം നിർമ്മിക്കുവാൻ പഞ്ചായത്ത് തീരുമാനിക്കുന്നത്.
പണി പൂർത്തിയാക്കിയ നടപ്പാലത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ നിർവഹിച്ചു. വാർഡ് കൺവീനർ പി.സി. ദാമോദരൻ അദ്ധ്യക്ഷനായി. റഷീദ് പട്ടർ കുന്നുമ്മൽ, എൻ. ആലി, രജനി പൊയിൽ, രഞ്ജിത്ത് കരുമ്പപൊയിൽ, രാജൻ വി.വി. എന്നിവർ സംസാരിച്ചു. അശോകൻ നടുക്കണ്ടി സ്വാഗതവും രാജലക്ഷ്മി നന്ദിയും പറഞ്ഞു.