ജലജീവൻ മിഷൻ പദ്ധതിയിൽ റോഡ് പുനഃസ്ഥാപനം വൈകി; പേരാമ്പ്ര വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ ധർണ്ണ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് മേഖലയിലെ റോഡുകൾ വെട്ടിപ്പൊളിച്ചിട്ടും പൂർവ്വസ്ഥിതിയിലാക്കാതെ ഉപേക്ഷിച്ചതിനെതിരെ പഞ്ചായത്തിലെ ജനപ്രതിനിധികൾ പേരാമ്പ്ര വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. റോഡുകൾ തിരികെ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നുവെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ ഇനി സഹിക്കാനാകില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പൊതുജനങ്ങളുടെ യാത്രാവകാശം തന്നെ നഷ്ടപ്പെടുത്തുന്ന തരത്തിലാണിതെന്നായിരുന്നു പ്രതിഷേധത്തിൽ ഉന്നയിച്ച അഭിപ്രായം.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. രാജൻ, കെ.സി. ബാബുരാജ്, ബിന്ദു അബാളി, എടവന സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ. ശ്രീധരൻ, ഷിജി കൊട്ടാരക്കൽ, സുമേഷ് തിരുവോത്ത് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി. ശോഭന വൈശാഖ് സ്വാഗതവും പി.പി. അബ്ദുൽസലാം നന്ദിയും അറിയിച്ചു.
റോഡുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും പൊതുജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. തുടർന്ന് അധികാരികളുമായി പഞ്ചായത്ത് പ്രസിഡന്റും പ്രവർത്തകരും കൂടിക്കാഴ്ച നടത്തി.