'തെരുവുനായയെ പേടിച്ച് ഞങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യാതായി'- പോസ്റ്റൽ ദിനത്തിൽ മന്ത്രിക്ക് കത്തെഴുതി കുരുന്നുകൾ
കണ്ണൻകടവ് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ വിദ്യാർത്ഥികളാണ് മന്ത്രിക്ക് കത്തയച്ചത്
ചേമഞ്ചേരി: 'തെരുവുനായയെ പേടിച്ച് ഞങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യാതായി. സ്കൂളിൽ പോകാൻ പേടിയാവുന്നു. കൂട്ടുകാരൊത്ത് മൈതാനത്തിൽ കളിക്കാൻ പറ്റാതാവുന്നു. നായയുടെ കടിയേറ്റ് പലരും ആശുപത്രിയിലാകുന്നു. തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബഹുമാനപ്പെട്ട മന്ത്രിയുടെ ദയയുണ്ടാവണം' കുട്ടികൾ തങ്ങളുടെ സങ്കടങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് തുറന്നെഴുതി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ, പൂക്കാട് മർച്ചന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ ചേമഞ്ചേരി സബ് പോസ്റ്റ് ഓഫീസിൽ വെച്ച നടത്തിയ ദേശീയ തപാൽ ദിനാചരണത്തോട് അനുബന്ധിച്ചായിരുന്നു വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ബ്ലോക്ക് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. തപാൽ ജീവനക്കാരും പിരിഞ്ഞവരെയും ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ആദരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ. അബ്ദുൽ ഹാരിസ് സ്വാഗതം പറഞ്ഞു. കണ്ണൻകടവ് ജി.എഫ്.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ തെരുവ് നായ ശല്യത്തിനെതിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രിക്കു കാർഡ് അയച്ചു. തപാൽ സംവിധാനങ്ങളെ കുറിച്ച് കുട്ടികൾക്ക് ഇ.പി. അശ്വതി വിശദീകരിച്ചുകൊടുത്തു.
കൊയിലാണ്ടി പോസ്റ്റൽ ഡിവിഷൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സബിൻ പി.എസ്. ക്ലാസ് എടുത്തു. എഴുത്തുകാരൻ ഡോ: അബൂബക്കർ കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ഫോക്‌ലോർ ആർടിസ്റ്റ് നാസർ കാപ്പാട് കത്ത് പാട്ടുപാടി ആശസകൾ നേർന്നു. സ്കൂൾ എച്ച്.എം. കെ.ടി. ജോർജ്, യു. ഗോപാലൻ, തുവ്വക്കോട് പോസ്റ്റ് മാസ്റ്റർ രുഗ്മിണി, മൻസൂർ കളത്തിൽ, കെ.കെ. ഫാറൂഖ്, ചേമഞ്ചേരി സബ് പോസ്റ്റ് മാസ്റ്റർ സി.ജി. ധന്യ, അനൂപ് ബി.എസ്., അതുൽ, ഷിഖിൽ, ടി.കെ. നൗഫൽ എന്നിവർ സംസാരിച്ചു.

