കോക്കല്ലൂർ ഹയർ സെക്കന്ററിയിൽ സ്കൗട്ട് ട്രൂപ്പിന്റെ "ഗുഡ് ഹോപ് " തൃദിനക്യാമ്പ് നടന്നു
പ്രിൻസിപ്പൽ എൻ.എം. നിഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കോക്കല്ലൂർ:കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പിന്റെ "ഗുഡ് ഹോപ് " എന്ന പേരിലുള്ള തൃദിനക്യാമ്പ് 2025 ഒക്ടോബർ 10, 11,12 ദിവസങ്ങളിൽ സ്കൂളിൽ നടന്നു.പ്രിൻസിപ്പൽ എൻ.എം. നിഷ ക്യാമ്പ് ഉദ്ഘാടന പ്രഖ്യാപനവും പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത "ഗുഡ് ഹോപ് " എന്ന ക്യാമ്പിന്റെ പേര് പ്രഖ്യാപനവും നടത്തി.
സ്കൗട്ട് മാസ്റ്റർ മുഹമ്മദ്. സി അച്ചിയത്തിന്റെയും ട്രൂപ്പ് ലീഡർ എൻ.കൃഷ്ണനുണ്ണിയുടെയും നേതൃത്വത്തിൽ സ്കൗട്ട്പതാക ഉയർത്തിയതോടെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
റോഡ് നിയമങ്ങൾ, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് നന്മണ്ട സബ് റീജിനൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ടി. പ്രജിഷ് ക്ലാസ് എടുത്തു. ബോധവൽക്കരണ വീഡിയോ പ്രദർശനം നടത്തി. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ സുരേഷ് ബാബു, എക്സൈസ് പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ എന്നിവർ ക്ലാസുകൾ എടുത്തു.
സ്കൗട്ട് പാഠങ്ങൾ, വാതിൽപ്പുറ കളികൾ, വിനോദ പരിപാടികൾ, സ്കൗട്ട് ഡ്രില്ലുകളുടെ പരിശീലനം, വ്യായാമം, സർവ്വമത പ്രാർത്ഥന, ക്യാമ്പ് ഫയർ കലാപരിപാടികൾ, സ്കൂൾ മൈതാനം, ഓഡിറ്റോറിയം, ക്ലാസ് മുറികൾ, സ്കൂൾ പരിസരം ശുചീകരണം, പട്രോൾ കോർണർ ഒരുക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു.
കോക്കല്ലൂർ അങ്ങാടിയിൽ പൊതുജനങ്ങൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണം, ജല സംരക്ഷണം, പ്ലാസ്റ്റിക് വിപത്ത്, റോഡ് സുരക്ഷ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.ഹരിത കർമ്മസേനയ്ക്ക് കൈമാറാനായി പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളും ശേഖരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് എ.പി. പ്രകാശൻ , അധ്യാപകരായ സി.ജി. പ്രിയ, അഭിലാഷ് പുത്തഞ്ചേരി, ജി. വിനിൽകുമാർ, സ്കൂൾ വികസന സമിതി പ്രതിനിധി പി. പ്രമോദ്, വിദ്യാലയ കുടുംബാംഗങ്ങളായ കെ.അനിൽകുമാർ , കെ.പി. രമേശൻ എന്നിവർ കുട്ടികൾക്ക് പിന്തുണ നൽകി ക്യാമ്പിൽ സജീവമായി. പ്ലസ്ടു ക്ലാസുകളിലെ പതിനാറ് സ്കൗട്ടുകളും പ്ലസ് വൺ ക്ലാസുകളിലെ പതിനഞ്ച് സ്കൗട്ടുകളുമായി മുപ്പത്തി ഒന്ന് സ്കൗട്ടുകളും സ്കൗട്ട് മാസ്റ്ററുമാണ് ക്യാമ്പിൽ പങ്കെടുത്തത്.