അപകടക്കെണിയായി പേരാമ്പ്ര - ചെറുവണ്ണൂർ റോഡിലെ അക്ക്വഡേറ്റ് പാലം
വാഹനങ്ങളുടെ ഇടിയിൽ ബലക്ഷയം, അധികൃതർ കണ്ണടയ്ക്കുന്നുവെന്ന് നാട്ടുകാർ

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഓട്ടുവയൽ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ വടകര - ചാനിയം കടവ് - പേരാമ്പ്ര റോഡിന് കുറുകെ കടന്നുപോകുന്ന അക്ക്വഡേറ്റ് (നീർപ്പാലം) നിരന്തരമായ വാഹനങ്ങളുടെ ഇടിയെ തുടർന്ന് തകർന്നിരിക്കുകയാണ്. ഇന്നലെ കടന്നുപോയ കണ്ടെയ്നർ ലോറി ഇടിച്ചതിലൂടെ ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിൽ അപകടാവസ്ഥയിലായ ഈ നിർമിതി പ്രദേശവാസികളുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയുയർത്തുന്നു. അപകടക്കെണിയായി മാറിയിരിക്കുന്ന ഈ നിർമിതിക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നത് പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഈ പാലത്തിന് റോഡിൽ നിന്നും ആവശ്യമായ ഉയരമില്ലാത്തതിനാണ് വാഹനങ്ങൾ നിരന്തരം ഇടിക്കാൻ കാരണം. പാലത്തിന് പകരമായി സൈഫൺ നിർമ്മിക്കുക എന്നതാണ് ബദൽ മാർഗം. പ്രദേശത്തെ പ്രധാന റോഡുകളിലൊന്നിന്റെ ഭാഗമായ ഈ പാലത്തിനടിയിലൂടെ ദിനംപ്രതി നൂറുകണക്കിന് ആളുകളും വാഹനങ്ങളും ആണ് കടന്നുപോകുന്നത്. അപകടാവസ്ഥയിൽ നിൽക്കുന്ന ഈ നിർമ്മിതി തകർന്നാൽ വൻ ദുരന്തമാകും സംഭവിക്കുക.
പ്രശ്നം അധികൃതരുടെ മുന്നിൽ ഒരുപാട് തവണ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബദൽ സംവിധാനത്തിനായി യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഈ നിർമ്മിതി എത്രയും പെട്ടെന്ന് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ജീവൻ പണയം വെച്ചുള്ള യാത്ര തുടരാൻ തങ്ങൾക്ക് കഴിയില്ലെന്നും, അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.