പ്രസിദ്ധ തെയ്യം കലാകാരൻ കാവുംവട്ടം ചെറിയുണ്ണി പെരുവണ്ണാൻ അന്തരിച്ചു
ജില്ലയിൽ അകത്തും പുറത്തുമായി ഒട്ടനവധി ക്ഷേത്രത്തിൽ ഇദ്ദേഹം തിറ കെട്ടിയാടിയിട്ടുണ്ട്.

നടുവണ്ണൂർ: പ്രസിദ്ധ തെയ്യം കലാകാരൻ കാവുംവട്ടം ചെറിയുണ്ണി പെരുവണ്ണാൻ അന്തരിച്ചു.1931ൽ വെളിയന്നൂർ ദേശത്തെ കുതിരക്കുട തറവാട്ടിൽ രാമൻ മാസ്റ്ററുടെയും, ഉണ്ണിയമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. അച്ഛൻ രാമൻ മാസ്റ്റർ ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപകനായിരുന്നു.
12ആം വയസ്സിൽ ഇവരുടെ കുടുംബം പാരമ്പര്യമായി അരങ്ങേറ്റം കുറിക്കുന്ന മരുതൂർ ശ്രീ വാഴേക്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തിൽ നിന്ന് പുത്തൻ മുടി വെച്ച് അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നടേരി ശ്രീ ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിൽ വെച്ച് കരുമകന്റെ വെള്ളാട്ട് കെട്ടി പുത്തൻമുടി പൂർത്തിയാക്കി. അച്ഛന്റെ അനുജനായ കുതിരക്കുട കേളുവാണ് ചെറിയുണ്ണി പെരുവണ്ണാന്റെ ആദ്യ ഗുരു.
പിന്നീട് പല ക്ഷേത്രങ്ങളിലും പോയി ചടങ്ങുകളെല്ലാം കണ്ട് പഠിച്ചു. തെയ്യത്തിന് പുറമെ കുതിരക്കുട ചെറിയക്കൻ മുത്തപ്പനിൽ നിന്നും മന്ത്രവാദം, മാറ്റ് വെക്കൽ ചടങ്ങ് എന്നിവ അഭ്യസിച്ചു. നാഗത്തിറ, മാറപ്പുലിതിറ, കരിയാത്താൻ തിറ എന്നിവ ഇദ്ദേഹത്തിന്റെ ഇഷ്ട കോലങ്ങൾ ആണ്, അതിൽ ഏറെ പ്രീയപെട്ടതാണ് നാഗത്തിറ. പണ്ട് കാലത്ത് ചെറിയുണ്ണി പെരുവണ്ണാൻ നാഗത്തിറ കെട്ടിയാടുമ്പോൾ ജനങ്ങളുടെ മനസ്സിൽ ഭയഭക്തി ബഹുമാനം പരത്തിയിരുന്നു.
നാഗത്തിറയുടെ മെയ്യെഴുത്തിലെ നിർജീവമായ നാഗരൂപങ്ങൾക്ക് പോലും ദൂര കാഴ്ച്ചയിൽ ജീവൽ പ്രതീതി കൈവന്നിരുന്നു. ജില്ലയിൽ അകത്തും പുറത്തുമായി ഒട്ടനവധി ക്ഷേത്രത്തിൽ ഇദ്ദേഹം തിറ കെട്ടിയാടിയിട്ടുണ്ട്. അതിൽ പ്രധാന ക്ഷേത്രമായ മാഹി ശ്രീ പുത്തലം ഭഗവതി ക്ഷേത്രത്തിൽ ഇദ്ദേഹം മാറപ്പുലിയുടെ തിറ കെട്ടിയാടിയിട്ടുണ്ട്. കാരണവർ, നാഗം, പാമ്പൂരികരുവാൻ, ഭഗവതി, മാറപ്പുലി, കരിയാത്തൻ.. കൂടാതെ ഒട്ടനവധി ദൈവങ്ങളുടെ കോലം കെട്ടിയാടിയിട്ടുണ്ട് ഇദ്ദേഹം കാവുംവട്ടത്തെ പ്രധാന ക്ഷേത്രമായ മുതുവോട്ട് ക്ഷേത്രത്തിലെ മാറപ്പുലിയുടെ ആദ്യ കാല കോലധാരിയായിരുന്നു. അതിന് മുൻപ് അച്ഛന്റെ അനുജനായ കേളു ആയിരുന്നു മുതുവോട്ട് മാറപ്പുലിയുടെ കോലധാരി. ചെറിയുണ്ണി പെരുവണ്ണാൻ ഇവിടെ തെയ്യം കെട്ടാൻ തുടങ്ങിയോടെ യാണ് ഇവിടുത്തെ മാറപ്പുലി തിറയുടെയും, മുതുവോട്ട് ക്ഷേത്രത്തിന്റെയും കീർത്തി ദേശാന്തരങ്ങൾ കടന്ന് വ്യാപിച്ചത്. ഇദ്ദേഹം മാറപ്പുലി ദൈവത്തിന്റെ കോലം കെട്ടിയുള്ള നിൽപ്പും, ഭാവവും ഭക്തജനങ്ങളുടെ മനസ്സിൽ വിശ്വാസവും, ഭയഭക്തി ബഹുമാനവും വർദ്ധിക്കാൻ കാരണമായി. അതിന് ശേഷം ഭക്തജനങ്ങൾ നേർച്ചയായി കൊടികളും, വിളക്കുകളും നൽകാൻ തുടങ്ങി.
ചെറിയുണ്ണി പെരുവണ്ണാന്റെ ഭാര്യ മാധവി. 3 പെൺ മക്കൾ ആണ് ഇദ്ദേഹത്തിന്. ഗോവിന്ദൻ, നാരായണൻ, ഗോപാലൻ, ബാലൻ (പരേതനായ തെയ്യം കലാകാരൻ ), ശ്രീധരൻ (തെയ്യം കലാകാരൻ )ഒരു പെങ്ങൾ എന്നിവരാണ് സഹോദരങ്ങൾ. ഇദ്ദേഹത്തിന്റെ ചെറു മകനായ വിഷ്ണു രാജ് ഇപ്പോൾ തിറയാട്ട മേഖലയിൽ സജീവമായുണ്ട്.
പ്രശസ്ത തെയ്യം കലാകാരൻമാരായ നിധീഷ് പെരുവണ്ണാൻ, പ്രജീഷ് കാവുംവട്ടം, ശ്രീനിഷ് കാവുംവട്ടം, പ്രഭീഷ് കാവുംവട്ടം എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളുടെ മക്കളാണ്.പഴയ കാലത്തെ ഉന്നത വിദ്യാഭ്യാസമായ 8ആം തരം വരെ ഇദ്ദേഹം പഠിച്ചിട്ടുണ്ട്. കാവുംവട്ടം സ്കൂളിലും, അരങ്ങാടത്ത് ആന്തട്ട സ്കൂളിലുമായാണ് അധ്യയനം പൂർത്തിയാക്കിയത്.
കൊളത്തൂർ അദ്വൈതാ ആശ്രമത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി മാപ്പിള സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഇദ്ദേഹത്തെ പൊന്നാട അണിയിച്ചിട്ടുണ്ട്, കൂടാതെ നിരവധി സ്ഥാപനങ്ങളിൽ നിന്നും, നിരവധി ക്ഷേത്രങ്ങളിൽ നിന്നും ഇദ്ദേഹത്തിന് ആദരവ് ലഭിച്ചിട്ടുണ്ട്. തന്റെ 85ആം വയസ്സുവരെ ഇദ്ദേഹം തെയ്യം കെട്ടിയാടിയിട്ടുണ്ട്. ഇപ്പോൾ തെയ്യം കെട്ടാറില്ലെങ്കിലും തെയ്യത്തിന്റെ തോറ്റം തുടങ്ങി മറ്റു ചടങ്ങുകളിലും ഇപ്പോഴും സജീവമാണ്. ഉത്സവ കാലമല്ലാത്തപ്പോൾ കൃഷിയും, മറ്റു നാടൻ പണികളും ഇദ്ദേഹം ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുണ്ട്.