റെയിൽവേ ആനുകൂല്യം പുന: സ്ഥാപിക്കണം; സീനിയർ സിറ്റിസൺസ് ഫോറം
70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിലും അതൃപ്തി
കൊയിലാണ്ടി: കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിലും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിനും സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ഇനിയും ഈ അലസത തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ടു പോകുമെന്നും അറിയിച്ചു.
കൊയിലാണ്ടി അശോക് ഭവനിൽ ചേർന്ന മേഖല കമ്മിറ്റി യോഗം ജില്ലാ ജോ. സെക്രട്ടറി കെ.പി. വിജയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എൻ.കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സെക്രട്ടറി രാഘവൻ ടി.പി. പ്രവർത്തന റിപ്പോർട്ടും, ബാലകൃഷ്ണൻ അണേല വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
വ്യത്യസ്ത യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത മെമ്പർമാർ പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ പങ്കെടുക്കുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശം വെക്കുകയും ചെയ്തു. യൂണിറ്റ് തല തെരഞ്ഞെടുപ്പുകൾ എത്രയും പെട്ടെന്ന് നടത്താനും, നടുവണ്ണൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ വിജയത്തിന് ആവശ്യമായ ഒരുക്കങ്ങൾ യൂണിറ്റ് തലത്തിൽ നടത്താനും തീരുമാനിച്ചു.

