കൽപ്പത്തൂരിൽ ഗൃഹസുരക്ഷാക്ലാസും പത്രവിതരണക്കാരന് ആദരവും
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ലിസി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കൽപ്പത്തൂർ കോഴിമുക്ക് കൈരളി ഗ്രന്ഥാലയത്തിൽ അരനൂറ്റാണ്ടായി പത്രവിതരണം നടത്തിവരുന്ന കീഴിലാട്ട് കുമാരൻ നായർക്ക് ആദരവും അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ലിസി ഉദ്ഘാടനം ചെയ്തു. കെ.എം. ചന്ദ്രൻ അദ്ധ്യക്ഷനായി.
പരിപാടിയോടനുബന്ധിച്ച് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ഗ്രന്ഥശാലാ മെമ്പർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി ഗാർഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസ് നൽകി. പാചകവാതക ചോർച്ചയുടെ അപകട സാധ്യതകളെപ്പറ്റിയും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. അവശ്യഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുന്ന സി.പി.ആർ. നൽകുന്നതിനുള്ള പ്രായോഗിക പരിജ്ഞാനവും നൽകി.
ടി.എച്ച്. ജയദാസൻ, എം.പി. രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കീഴലാട്ട് കുമാരൻ നായർ അംഗീകാരത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാല വനിതാവേദി പ്രവർത്തകർ നാടൻപാട്ട് അവതരിപ്പിച്ചു. എൻ.എസ്. സനൽ പരിപാടിക്ക് നന്ദി പറഞ്ഞു.

