മേപ്പയൂർ - ചെറുവണ്ണൂർ റോഡ് തകർന്നു; യാത്രാ ദുഷ്കരം
പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്
മേപ്പയൂർ: മേപ്പയൂർ - ചെറുവണ്ണൂർ റോഡ് തകർന്ന് യാത്രാ ദുഷ്കരമായി. മേപ്പയൂർ മുതൽ ചെറുവണ്ണൂർ വരെയുള്ള ഒട്ടുമിക്ക പ്രദേശങ്ങളും കുണ്ടും കുഴിയുമായതിനാൽ ഇരു ചക്രവാഹന യാത്ര പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. കൂടാതെ ജൽ ജീവൻ മിഷൻ പൈപ്പ് ഇടാൻ ജെ.സി.ബി. ഉപയോഗിച്ച് റോഡ് മുറിച്ചതിനാലും ഇവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മേപ്പയൂർ എടത്തിൽ മുക്ക് കുന്നിയുള്ളതിൽ മുക്ക് ഭാഗം മഴ പെയ്താൻ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
തിരുവള്ളൂർ, ആവള, തോടന്നൂർ, പള്ളിയത്ത് പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് എത്തിപ്പെടാൻ എളുപ്പവഴിയാണ് ഈ റോഡ്. മേപ്പയൂർ - ചെറുവണ്ണൂർ റോഡ് നവീന രീതിയിൽ നവീകരിച്ച് ഗതാഗത യോഗ്യമാക്കുവാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ്.ടി.യു. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് ആവശ്യപ്പെട്ടു.

