പാളപ്പുറംകുന്ന് നിവാസികളുടെ റോഡ് എന്ന സ്വപ്നം ജനകീയ കമ്മിറ്റിയിലൂടെ യാഥാർത്ഥ്യമായി
സി.എച്ച്. ഇബ്രാഹിംകുട്ടി റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് - പാളപ്പുറംകുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. 20 ഓളം കുടുംബങ്ങൾക്ക് ഏകാശ്രയമായ 270 മീറ്റർ വരുന്ന റോഡ് 6 ലക്ഷം രൂപ ചിലവഴിച്ചാണ് ജനകീയ കമ്മിറ്റി പണി പൂർത്തീകരിച്ചത്. കഴിഞ്ഞ 6 പതിറ്റാണ്ടുകളായി ഇടതുപക്ഷ ഭരണസമിതി നിയന്ത്രിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടും പരിഹാരമാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ ജനകീയ കമ്മിറ്റിയിലൂടെ റോഡുപണി പൂർത്തീകരിച്ചത്.
സി.എച്ച്. ഇബ്രാഹിംകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തറവട്ടത്ത് ഇമ്പിച്ച്യാലിഹാജി അദ്ധ്യക്ഷനായി. ഇ.കെ. അഹമ്മദ് മൗലവി, രാജൻ എടത്തിൽ, പി. കുഞ്ഞമ്മദ്, എം.കെ. അബ്ദുറഹിമാൻ, രതീഷ് അടിയോടി, അസ്സയിനാർ കൈപ്പുറത്ത് മീത്തൽ, ടി.പി. മുഹമ്മദ്, സനൽ, എം.കെ. ഫസലുറഹ്മാൻ, സാജിദ് അഹമ്മദ്, മനോജ് എളമ്പിലാട് എന്നിവർ സംസാരിച്ചു.
സി.കെ റഷീദ് സ്വാഗതവും ഹാഷിം കാവിൽ നന്ദിയും പറഞ്ഞു. പി.പി. ഷഫീക്ക് ചെയർമാനും, എ.കെ. ബഷീർ സെക്രട്ടറിയും, എ.എം. അബ്ദുൽറസാക്ക് കൺവീനറുമായ 12 അംഗ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് പണി പൂർത്തീകരിച്ചത്.

