ജില്ലാതല പുരസ്കാരങ്ങളുടെ നിറവിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്
കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്ത് നടത്തിയ മാതൃകാ പ്രവർത്തനങ്ങളാണ് പരിഗണിച്ചത്
മേപ്പയ്യൂർ: ഹരിത കേരളം മിഷൻ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്തിട്ടുള്ള ക്യാമ്പയിനുകളിൽ മാതൃകാ പ്രവർത്തനം കാഴ്‌ചവച്ച തദ്ദേശ ഭരണ സ്ഥാപനങ്ങൾ ആദരിച്ചു. ഇതിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് ജില്ലാതലത്തിൽ ആദരവ് ലഭിച്ചു. എസ് കെട്ടേക്കാട് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ പി ഗവാസിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജന്റെ നേതൃത്വത്തിൽ ഗ്രാമം പ്രതിനിധികളും സ്‌കൂൾ അധികൃതരും പുരസ്‌കാരം ഏറ്റുവാങ്ങി. ജൈവവൈവിധ്യവും പരിസ്ഥിതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് മിഷൻ്റെ പ്രധാന ക്യാമ്പായ പച്ചത്തുരുത്തിനാണ് ആദ്യ പുരസ്കാരം.
76 സെൻ്റിലായി അരിക്കൽ പറമ്പിൽ സ്ഥാപിച്ച പച്ചത്തുരുത്ത് ജൈവവൈവിധ്യ കലവറയായി നിലകൊള്ളുന്നു. ബഹു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹരിത കേരളം മിഷൻ നടത്തിയ ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ ഒരു ദിവസം മുഴുവൻ സ്കൂളുകളെയും അണിനിരത്തി ജില്ലയിൽ ഏറ്റവുമധികം തൈകളാണ് ഗ്രാമം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പരസ്പരം കൈമാറിയത്.

