മേപ്പയ്യൂർ - ആവള റോഡ് നവീകരണ പ്രവൃത്തിഉദ്ഘാടനംചെയ്തു
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: മേപ്പയ്യൂർ - ആവള റോഡ് നവീകരണ പ്രവൃത്തി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മേപ്പയ്യൂർ ജനകീയ മുക്കിൽഉദ്ഘാടനം ചെയ്തു. ടി പി രാമകൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. പത്തു കോടി രൂപ മതിപ്പു ചെലവിലാണ് റോഡ് നവീകരണം നടത്തുന്നത്.
യു എൽ സി സി ക്ക് ആണ് കരാർ പ്രകാരം നിർമ്മാണ ചുമതല. 14കലുങ്കുകൾ, ഡ്രൈനേജുകൾ, കരിങ്കൽക്കെട്ടുകൾ എന്നിവയുടെ നിർമാണം ഉൾപ്പെടുന്നതാണ് എസ്റ്റിമേറ്റ് .ആവശ്യമായ സ്ഥലങ്ങളിൽ റോഡ് ഉയർത്തി ബി എം & ബി സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. മേപ്പയ്യൂർ , ചെറുവണ്ണൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും പ്രധാനപ്പെട്ട ജില്ലാ റോഡുകളിൽ ഒന്നുമാണ് മേപ്പയ്യൂർ - ചെറുവണ്ണൂർ - പന്നിമുക്ക് -ആവള റോഡ്. മേപ്പയ്യൂർ ടൗണിൽ നിന്നു തുടങ്ങി ഗുളികപ്പുഴപ്പാലം വരെ ഏതാണ്ട് എട്ടരകിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡ് നിർമാണം. പത്തു കോടി രൂപയാണ് മതിപ്പു ചെലവ്. റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ കുറ്റ്യാടി -നാദാപുരം ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് ഒരു പ്രധാന ബദൽ പാത സജ്ജമാകും
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി ഷിജിത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ ( മേപ്പയ്യൂർ), എൻ ആർ.രാഘവൻ ( ചെറുവണ്ണൂർ) മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ നിഷിത, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ, കെ രതീഷ്, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, അജയ് ആവള, പി കെ എം ബാലകൃഷ്ണൻ, മധു പുഴയിരികത്ത് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനിസ്വാഗതവും അസിസ്റ്റൻറ് എൻജിനീയർ മീന നന്ദിയും പറഞ്ഞു.

