ചക്കിട്ടപാറ ടൗണിലെ കുഴികൾ മൂടണമെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി
മലയോര ഹൈവേയുടെ പ്രവൃത്തി മാസങ്ങളായി ഇവിടെ തടസപ്പെട്ടിരിക്കുന്നു
ചക്കിട്ടപാറ: മലയോര ഹൈവേ നിർമ്മിക്കുന്നതിനിടയിൽ മാസങ്ങൾക്കു മുമ്പ് ചക്കിട്ടപാറ ടൗണിലെ രണ്ടു കടകൾക്ക് മുന്നിൽ കേരളാ റോഡ് ഫണ്ട് ബോർഡ് നിർമ്മിച്ച വലിയ 2 കുഴികൾ മൂടാൻ സത്വര നടപടി ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി എത്തി. സമിതി അംഗം രാജൻ വർക്കിയാണ് രേഖാമൂലം ആക്ഷേപം ഉന്നയിച്ചത്. ഈ ഗർത്തങ്ങൾ കാൽനട സഞ്ചാരികൾക്കും വാഹനങ്ങൾക്കും ഒരു പോലെ ഭീഷണിയാണ്. കുഴിയിൽ വീണ് പലർക്കും പരിക്ക് പറ്റി.
പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോട് പല തവണ നാട്ടുകാർ അപേക്ഷിച്ചെങ്കിലും ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ല. മലയോര ഹൈവേയുടെ പ്രവൃത്തി മാസങ്ങളായി ഇവിടെ തടസപ്പെട്ടിരിക്കുകയാണ്. ഇതിനും പരിഹാരമുവണമെന്നും രാജൻ വർക്കി ആവശ്യപ്പെട്ടു.

