നൊച്ചാട് ഹൈസ്കൂളിൽ പ്രഥമ ശുശ്രൂഷയും അഗ്നി സുരക്ഷയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
പേരാമ്പ്ര: നൊച്ചാട് ഹൈസ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ദ്വിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട്, ഗാർഹിക സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. അടിയന്തിര ഘട്ടങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനമായ സി.പി.ആർ. നൽകുന്നത് കുട്ടികളെ പരിശീലിപ്പിച്ചു. ഫയർ എക്സ്റ്റിങ്യൂഷറുകൾ പ്രവർത്തിപ്പിക്കുന്നതിലും വിവിധതരം റോപ് റസ്ക്യൂ പ്രവർത്തനങ്ങളിലും പ്രയോഗിക പരിശീലനം നൽകി.
നൊച്ചാട് ഹൈസ്കൂൾ എസ്.പി.സി. ചുമതലയിലുള്ള സി.പി.ഒ. നാസർ കെ.സി.എം., എ.സി.പി.ഒ. ഷബിന വി.കെ., ഡി.ഐമാരായ പേരാമ്പ്ര സിവിൽ പോലീസ് ഓഫീസർ ചന്ദ്രൻ കെ., രാധിക എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി.

