ഗണിതം മധുരമാക്കിയ അദ്ധ്യാപകനരികിൽ 40 വർഷത്തിന് ശേഷം അവരെത്തി
നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലെ 1986 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികളാണ് ഗംഗാധരൻ മാസ്റ്ററെ കാണാനെത്തിയത്
അരിക്കുളം: നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ കണക്ക് അദ്ധ്യാപകനായ വി.പി. ഗംഗാധരൻ മാസ്റ്ററെ തേടി 1986 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികൾ ഗംഗാധരൻ മാസ്റ്റർ താമസിക്കുന്ന എക്കാട്ടൂരിലെ വെളുത്ത പറമ്പിൽ മീത്തൽ എന്ന വീട്ടിൽ എത്തിയത് മാഷെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വീട്ടിൽ എത്തിച്ചേർന്ന പൂർവ്വ വിദ്യാർത്ഥികൾ മാഷെ പൊന്നാട അണിയിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു.
ഇബ്രാഹിം എൻ.കെ. ചാലിക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സദാനന്ദൻ ടി., അനിൽകുമാർ എം.വി., രാമചന്ദ്രൻ കെ., ലത പി.ടി., സുധ എം.സി., ഗീത സി. നാഗത്ത്, സാജിദ, ബാവ പി.കെ., മുഹമ്മദ് റസാഖ് കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗംഗാധരൻ മാസ്റ്റർ മറുമൊഴി നൽകി.
അറിയപ്പെടുന്ന ഗണിത അദ്ധ്യാപകനായ ഗംഗാധരൻ മാസ്റ്റർ 2011 മാർച്ച് 30 നാണ് വിരമിച്ചത് തുടർന്ന് വീട്ടിൽ വെച്ച് കുട്ടികൾക്ക് ഗണിത ക്ലാസ് നൽകി വരുന്നു. ഡി ഗ്രേഡുള്ള കുട്ടികളെ എ പ്ലസിൽ എത്തിക്കാനുള്ള മാസ്റ്ററുടെ കഴിവിനെ രക്ഷിതാക്കൾ പ്രശംസിച്ചിട്ടുണ്ട്. എഴുപതാം വയസ്സിലും എക്കാട്ടൂരുകാർ സ്നേഹത്തോടെ വിളിക്കുന്ന വി.പി.ജി. പുതിയ പുസ്തകത്തിലെ ഗണിതത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ട് 2026 ൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉന്നത മാർക്ക് വാങ്ങി കൊടുക്കാനുള്ള ഉദ്യമത്തിലാണ്.

