കീഴ്പയ്യൂർ സർവോദയ വായനശാലയിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
കീഴ്പയ്യൂർ: ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കീഴ്പയ്യൂർ സർവോദയ വായനശാല സമ്മാന കൂപ്പൺ നറുക്കെടുപ്പും, അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം അജയ് ആവള നിർവഹിച്ചു. പേരാമ്പ്ര അഗ്നി സുരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസറായ റഫീഖ് കാവിൽ അഗ്നിസുരക്ഷാ, ദുരന്ത നിവാരണ പ്രഥമ ശുശ്രൂഷ ക്ലാസ്സിന് നേതൃത്വം നൽകി.
പാചക വാതക ലീക്ക് അപകടങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും, ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചും, വിവിധ തരത്തിലുള്ള റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ, ജീവൻ രക്ഷാ പ്രവർത്തനമായ സി.പി.ആർ. നൽകുന്നതെങ്ങനെ തുടങ്ങി നിരവധി ഗൃഹ സുരക്ഷാ, ജീവൻ രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു.
സമ്മാന കൂപ്പൺ നറുക്കെടുപ്പ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കറുത്തേടത്ത് കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. പ്രദേശത്തെ അംഗൻവാടി ടീച്ചർമാർ, ആശാ വർക്കർമാർ, വിവിധ കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വായനശാല വൈസ് പ്രസിഡൻ്റ് അഖിൽ ബി.പി. അദ്ധ്യക്ഷത വഹിച്ചു. അശോകൻ കിഴക്കയിൽ സ്വാഗതവും കെ.സി. നാരായണൻ നന്ദിയും പറഞ്ഞു.

