headerlogo
local

വാകയാട് ഹൈസ്കൂളിന്റെ രുചിയോർമകൾ വിളമ്പാൻ ഇനി ബാവൂട്ടിക്ക ഇല്ല

അന്ത്യം ഇന്നലെ രാത്രി; നിസ്കാരം രാവിലെ 8:30ന് തിരുവോട് പള്ളിയിൽ

 വാകയാട് ഹൈസ്കൂളിന്റെ രുചിയോർമകൾ വിളമ്പാൻ ഇനി ബാവൂട്ടിക്ക ഇല്ല
avatar image

NDR News

27 Feb 2026 05:54 AM

നടുവണ്ണൂർ: നടുവണ്ണൂർ മേഖലയിലെ ഏറ്റവും പഴയ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമായ വാകയാട് ഹൈസ്കൂളിന്റെ എക്കാലത്തെയും ഓർമ്മച്ചിത്രമായ ബാവോട്ടിക്ക ഇനിയില്ല. പഠനസമയത്തിന്റെ ഇടവേളകളിൽ തൻറെ ചായപ്പീടികയിൽ നിന്നും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും രുചി പ്പെരുമയുടെയും പൂളക്കറിയും പൊറോട്ടയും വിളമ്പിയ ആ കൈപ്പുണ്യം മാഞ്ഞു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം നടന്ന പറമ്പിൻ നിരവത്ത് വാവോട്ടി എന്ന ബാബൂട്ടിക്കായുടെ അന്ത്യം 92ആം വയസ്സിൽ ആയിരുന്നു. സ്കൂളിൻറെ ഒഫീഷ്യൽ രേഖകളിൽ രേഖപ്പെടുത്തപ്പെടുന്നില്ലെങ്കിലും സ്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം സ്‌നേഹവും സൗഹൃദവും നൽകി ജീവിച്ച ഇദ്ദേഹം സ്കൂളിൻറെ പടികയറി ഇറങ്ങിപ്പോയ പതിനായിരങ്ങൾക്ക് വിദ്യാലയ ഓർമ്മകളെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ചിത്രമാണ്. വിദ്യാലയത്തെ കുറിച്ചുള്ള ഓർമ്മകൾ നുണയാൻ പതിറ്റാണ്ടുകൾക്ക് ശേഷം പറമ്പിൽ നിരവത്തെ കുന്നു കയറിവരുന്ന പഴയ പഠിതാക്കൾ സ്കൂളിനൊപ്പം ഇന്നും ബാവുട്ടിക്കയെയും അന്വേഷിക്കാറുണ്ട്.

     ഇന്ന് വെള്ളിയാഴ്ച രാവിലെ 8 30 ന് തിരുവോട് ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം നടക്കും. മറിയക്കുട്ടിയാണ് ഭാര്യ. മക്കൾ നഫീസ, പരേതയായ സുലൈഖ, മായൻകുട്ടി. നിര്യാണത്തിൽ വാകയാട് ഹൈസ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു.

 

NDR News
27 Feb 2026 05:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents