കൃഷിക്കും, ഭവന നിർമാണത്തിനും മാലിന്യ പരിപാലനത്തിനും കൊയിലാണ്ടി നഗരസഭ ബജറ്റ്
15000,71,731 രൂപ വരവും 125,82,54,737 രൂപ ചിലവും 24,18,16,994 രൂപ മിച്ചവും
കൊയിലാണ്ടി: കൃഷിക്കും, ഭവന നിർമാണത്തിനും മാലിന്യ പരിപാലനത്തിനും മുൻഗണന നൽകി കൊയിലാണ്ടി നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു. 15000,71,731 രൂപ വരവും 125,82,54,737 രൂപ ചിലവും 24,18,16,994 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് ചെയർ പേഴ്സൺ സി.ടി ബിന്ദു ബജറ്റ് അവതരിപ്പിച്ചു. വലിയ മലയിൽ ശ്‌മശാനത്തിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഗതാഗത വികസനത്തിന് 6 കോടി രൂപയും, നഗരത്തിൽ സ്റ്റാന്റേർഡൈസ്‌ഡ് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയും ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിന് 2 കോടി രൂപയും അണേല വട്ടക്കുന്ന് ഉന്നതി വികസനത്തിന് 1കോടി രൂപയും വകയിരുത്തി. മുത്താമ്പി പാലത്തിൽ സൂയിസൈഡ് സേഫ്റ്റ് ഫെൻസ് സ്ഥാപിക്കുന്നതിനും ബജറ്റിൽ തീരുമാനമായിട്ടുണ്ട്.
227 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കും. 64 കോടി രൂപയിൽ സമ്പൂർണ്ണ ഭവന പദ്ധതി, താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തി 40 കോടി രൂപയിൽ പൂർത്തിയാക്കും എന്നിങ്ങനെയും ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. പെരുവട്ടൂർ പന്തലായനി വിയ്യൂർ എന്നിവടങ്ങളിൽ കളിസ്ഥലം നിർമ്മിക്കുന്നതിനും ഈശ്വരൻ ചിറ പാറക്കുളം നവീകരിച്ച് നീന്തൽ കുളമാക്കുന്നതിനും, റെയിൽവേസ്റ്റേഷൻ റോഡ് ഹരിത പാതയാക്കുന്നതിനും ബജറ്റിൽ മുൻഗണ നൽകിയിട്ടുണ്ട്. വായനാരി തോട് നവീകരണത്തിന് 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ബജറ്റ് അവതരണത്തിന് ന ഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

