വയോജന കാലഘട്ടം സർഗ്ഗാത്മകമാക്കണം; ഡോ. അഭിലാഷ് ആർ. ജെ.
വെള്ളിയൂർ ജനകീയ വായനശാലയിൽ വയോജന വേദി സംഘടിപ്പിച്ചു
നൊച്ചാട്:. വയോജന കാലഘട്ടം ക്രിയാത്മകവും, സർഗ്ഗാത്മകവുമാക്കിയാൽ വയോജനങ്ങളുടെ മാനസികവും ശാരീരികമായ ആരോഗ്യം മെച്ചപ്പെടുമെന്ന് നൊച്ചാട് മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ആർ.ജെ. അഭിപ്രായപ്പെട്ടു. വ്യായാമം, പോഷാകാഹാരം, വിശ്രമം, വിനോദങ്ങൾ, ഒത്ത് ചേരൽ, കാർഷിക പ്രവർത്തനങ്ങൾ, യാത്രകൾ, തുടങ്ങിയവ ശക്തിപ്പെടുത്തുക വഴി വയോജന കാലത്തെ ഒറ്റപ്പെടൽ, വിരസത, ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് അദ്ധേഹം കൂട്ടിചേർത്തു. വെള്ളിയൂർ ജനകീയ വായനശാല ജില്ലാ പദ്ധതി പ്രകാരം വയോജന വേദി സംഘടിപ്പിച്ച 'വയോജനങ്ങളും ആരോഗ്യവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2025-26 വർഷത്തെ ജില്ലാ പദ്ധതി പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്. രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡൻ്റ് കെ.എം. സൂപ്പി അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ. വത്സല വയോജന സന്ദേശം നൽകി. വായനശാല സെക്രട്ടറി എം.കെ. ഫൈസൽ ആശംസകളർപ്പിച്ചു സംസാരിച്ചു.
വയോജന വേദി സെക്രട്ടറി വി.കെ വിജയൻ സ്വാഗതവും, കൺവീനർ എ ജമാലുദ്ധീൻ നന്ദിയും പറഞ്ഞു. ലൈബ്രേറിയൻ സി.പി. സജിത, വി.പി. വിജയൻ, ഷീന കെ.എം., എം.സി. ഉണ്ണികൃഷ്ണൻ, എം.കെ. പ്രകാശൻ, അഖില സി. തുടങ്ങിയവർ നേതൃത്വം നൽകി.

