'ഗുൽമോഹർ' തണലിൽ അവിസ്മരണീയമായ് പൂർവ വിദ്യാർഥി സംഗമം
പഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്തു
നന്മണ്ട: നൂറ്റാണ്ടിന്റെ സാക്ഷിയായ നന്മണ്ട എയുപി സ്‌കൂളിലെ വിവിധ ബാച്ചുകളുടെ അപൂര്‍വമായ കൂടിച്ചേരലാണ് ‘ഗുല്‍മോഹർ' എന്ന പേരിൽ സംഘടിപ്പിച്ചത്.ഓർമകളുടെ കൈപിടിച്ച് ഒരിക്കൽ കൂടി അവർ സ്കൂൾ മുറ്റത്തെത്തി; അനുഭവങ്ങൾ പങ്കിട്ടും മുൻകാല അധ്യാപകരെ ആദരിച്ചും ഒരു പകൽ അവർ അവിസ്മരണീയമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പൂർവ വിദ്യാർഥിയുമായ വാലത്ത് പ്രേമലത ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് പ്രനിൽ ലാൽ പി.ഡി , അധ്യാപിക രേഖ പി. എൻ എന്നിവർ ആശംസകൾ അർപ്പിച്ചു."പൂവാകത്തണലിൽ" എന്ന പേരിൽ നടന്ന ഗുരുവന്ദനത്തിൽ ആദ്യകാല അധ്യാപകർ ആദരം ഏറ്റുവാങ്ങി.
സംഘാടക സമിതി കൺവീനർ എം.എസ് ദിലീപ് സ്വാഗതവും സതീഷ് കുമാർ.പി നന്ദിയും രേഖപ്പെടുത്തി. ‘മഴവില്‍ക്കാലം’ എന്ന പേരില്‍ മുൻകാല അധ്യാപകരുമായുള്ള സ്‌നേഹസല്ലാപവും അനുഭവം പങ്കിടലും ഫോട്ടോഷൂട്ടും പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വൈകിട്ട് ‘ഓര്‍മ്മകളേ കൈവള ചാര്‍ത്തി...’ എന്ന ഗാനവിരുന്നും ഒരുക്കിയിരുന്നു.

