സ്കൂൾ കവലകളിൽ അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കണം
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകൾക്ക് മുൻപിലെ റോഡുകളിൽ രാവിലെയും വൈകിട്ടും അധ്യാപകരുടെ സാന്നിധ്യം ലഭ്യമാക്കണമെന്ന് റൈസ് കളക്റ്റീവ് (RISE Collective) ആവശ്യപ്പെട്ടു.
ബാലുശ്ശേരി: കാലവർഷം ആരംഭിച്ച് വിദ്യാലയങ്ങൾ തുറന്ന പശ്ചാത്തലത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകൾക്ക് മുൻപിലെ റോഡുകളിൽ രാവിലെയും വൈകിട്ടും അധ്യാപകരുടെ സാന്നിധ്യം ലഭ്യമാക്കണമെന്ന് റൈസ് കളക്റ്റീവ് (RISE Collective) ആവശ്യപ്പെട്ടു. ഭാരിച്ച ബാഗുകളും കുടകളുമായി കുട്ടികൾ കൂട്ടത്തോടെയും ഒറ്റയ്ക്കും എത്തുമ്പോൾ നിരത്തുകളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. അതിവേഗ വാഹനങ്ങളും, റോഡുകളിലെ അശാസ്ത്രീയമായ വളവുകളും നിർമ്മാണവും കാരണം അപകടങ്ങൾ നിത്യസംഭവമായി മാറുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തിരക്കേറിയ സമയങ്ങളിൽ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും അധ്യാപകരുടെ മേൽനോട്ടം അത്യന്താപേക്ഷിതമാണ്. ഇതിനുപുറമേ സ്കൂൾ കവലകളിൽ ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കണമെന്നും, വിദ്യാലയങ്ങൾ തുറക്കുന്ന ജൂൺ സമയങ്ങളിൽ അമിതഭാരം കയറ്റിവരുന്ന വലിയ വാഹനങ്ങൾ മാറ്റിനിർത്താൻ അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
റോഡരികിലെ കാടുമൂടിയ അവസ്ഥ, വീഴാറായ മരങ്ങൾ, പഴയ കെട്ടിടങ്ങൾ, മതിലുകൾ എന്നിവ നിരന്തരം അപകടഭീഷണി ഉയർത്തുന്നുണ്ട്. കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കാടുകളും ബോർഡുകളും സുരക്ഷിതത്വത്തെ മുൻനിർത്തി അടിയന്തരമായി നീക്കം ചെയ്യണം. റോഡരികിലെ വെള്ളക്കെട്ടുകൾ, കുഴികൾ, സ്ലാബുകളില്ലാത്ത ഓടകൾ എന്നിവയിലൂടെയുള്ള യാത്ര കുട്ടികൾക്ക് വലിയ ഭീഷണിയാണ്. ഇത്തരം വിഷയങ്ങളിൽ അധികൃതരുടെ ശ്രദ്ധ പതിയാത്തത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സ്കൂളുകളിലും തദ്ദേശ സ്ഥാപനങ്ങളിലും അടിയന്തരമായി 'ജാഗ്രതാ സമിതികൾ' രൂപീകരിക്കണമെന്നും റൈസ് കളക്റ്റീവ് ആവശ്യപ്പെട്ടു.
ബാലുശ്ശേരി നോബിൾ പബ്ലിക് സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ഭാരവാഹികളും പ്രമുഖരും പങ്കെടുത്തു. പ്രസിഡന്റ് പ്രവീൺ എൻ. യു, സെക്രട്ടറി കുഞ്ഞിക്കണ്ണൻ ചെറുക്കാട്, ഒ.എം. കൃഷ്ണകുമാർ, റ റിട്ടയേഡ് മേജർ സേതുമാധവൻ എൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ രാധാകൃഷ്ണൻ കെ.പി, ആർക്കിടെക്ട് മുഹമ്മദ് ഫിസൽ, ഉണ്ണികൃഷ്ണൻ തിരൂളി, ജോയ് മോളത്ത്, ടി.പി. അബ്ദുൾലത്തീഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

