ബീച്ച് കേന്ദ്രീകരിച്ച് അനധികൃത ഡോർമിറ്ററികൾ
അനധികൃത ഡോർമിറ്ററികൾക്കെതിരെ പരാതി നല്കി നാട്ടുകാർ.
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് അനധികൃത ഡോർമിറ്ററികളും സ്പാകളും പ്രവർത്തിച്ചു വരുന്നതയി പരാതി. ലൈസൻസോ വേണ്ട സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ നാട്ടുകാർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി.
പഴയ വീടുകളും ഗോഡൗണുകളും വിപുലീകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയ വഴി പരസ്യം നല്കിയാണ് ഇവ ഉപഭോക്താക്കളെ തേടുന്നത്. ചില സോഷ്യൽ മീഡിയ ബ്ലോഗർമാരും ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ നാട്ടുകാർക്ക് ഒരുപാട് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ വലിയ ആഡംബര വാഹനങ്ങളുടെ ഒഴുക്കാണ് ഇത്തരം സ്ഥാപനങ്ങിലേക്ക്. യുവാക്കളാണ് കൂടുതലും ഇത്തരം സ്ഥാപനങ്ങളിലെ ഇടപാടുകാർ. മണിക്കൂർ നിരക്കിലാണ് ഇവ വാടക വാങ്ങുന്നത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇത്തരം സ്ഥാപനങ്ങളിൽ കാണാറുണ്ടന്ന് നാട്ടുകാർ പറയുന്നു. ഇത്തരം കേന്ദ്രങ്ങൾ ലഹരി വിപണത്തിനും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

