വായന വാരാഘോഷം ജനാർദ്ധനൻ വെങ്ങപ്പറ്റ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര വേദവ്യാസ വിദ്യാപീഠത്തിൽ വായനാദിനം ആഘോഷിച്ചു.
പേരാമ്പ്ര: വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ വായനാ വാർഷികാഘോഷത്തിൻ്റെ ഉദ്ഘാന കർമ്മം വായനാദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ ജനാർദ്ധനൻ വെങ്ങപ്പറ്റ നിർവ്വഹിച്ചു. സഞ്ചരിക്കാതെ തന്നെ ലോകത്തെ എല്ലാ സ്ഥലങ്ങളും ശബ്ദങ്ങളും നമുക്ക് കാണാനും കേൾക്കാനും പുസ്തകവായനയിലൂടെ കഴിയും .കഥയിലൂടെയും കവിതയിലൂടെയും മറ്റും എഴുത്തുകാരൻ്റെ ഭാവനയ്ക്കനുസരിച്ച് പാറിപ്പറക്കുന്ന ആസ്വാദകരമായി നാം മാറണം .വായന എന്ന ലഹരി ചെറുപ്രായത്തിലേ തന്നെ നുണയാൻ കുട്ടികൾക്ക് സൗകര്യമൊരുക്കണം. ഒരു എഴുത്തുകാരന് നല്ല നിരീക്ഷണങ്ങളും വായനയും വേണം . നല്ല നിരീക്ഷണങ്ങൾ ഉള്ളവരാണ് ലോകത്ത് മാറ്റങ്ങൾക്ക് നാന്ദി കുറിച്ചത്. കുരുവി കൂടൊരുക്കി മുട്ടയിട്ട് വിരിയിച്ച് ,കുരുവിക്കുട്ടികൾ വിഹായസ്സിലേക്ക് പറന്നു പൊങ്ങുന്നതു വരെ ,അമ്മക്കുരുവി കാണിക്കുന്ന കരുതൽ, കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാവണമെന്നും ശ്രീ ജനാർദ്ധനൻ വെങ്ങപ്പറ്റ സൂചിപ്പിക്കുകയുണ്ടായി.
വായനാ വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന 'കവിക്കൊപ്പം ' എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുമായുള്ള അഭിമുഖവും നടന്നു.കുട്ടികളുടെ ചോദ്യങ്ങൾക്ക് സ്വജീവിതാനുഭവങ്ങളിലൂടെ ശ്രീ ജനാർദ്ധനൻ വെങ്ങപ്പറ്റ മറുപടി പറയുകയുണ്ടായി. കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗാത്മക വാസനകളെ തൊട്ടുതലോടി ഉണർത്താൻ ഈ പരിപാടി ഉപകരിക്കുകയുണ്ടായി. ശ്രീമതി പ്രേമ ടീച്ചർ ശബരി ,വിദ്യാലയ ലൈബ്രറിയിലേക്ക് ഹിന്ദു ദിനപത്രവും ശ്രീ പി സി സുരേന്ദ്രൻ മാസ്റ്റർ ധാരാളം പുസ്തകങ്ങളും നൽകുകയുണ്ടായി. വായനാദിന പ്രതിജ്ഞയും ഇതോടൊപ്പം നടന്നു.
വിദ്യാലയ സമിതി പ്രസിഡൻ്റ് ശ്രീ പി സി സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ വിദ്യാലയ സമിതി സെക്രട്ടറി ശ്രീ കെ എം അമരേഷ് ,ശ്രീ പി കെ പ്രമോദ് കുമാർ ,ശ്രീമതി ദീപ ടീച്ചർ ,ശ്രീമതി അംബിക ടീച്ചർ എന്നിവർ സംസാരിച്ചു.

