ടോൾ കൊടുക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി തുടങ്ങി.
ദിവസവും നൂറിനടത്ത് വാഹനങ്ങൾ ടോൾ കൊടുക്കാതെ പോകുന്നുണ്ടന്ന് ടോൾ പ്ലാസ അധികൃതർ
കോഴിക്കോട്: ഒളവണ്ണ പന്തീരങ്കാവ് ടോള്‍ പ്ലാസ അധികൃതർ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ടോള്‍ കൊടുക്കാതെ പോയ വാഹനങ്ങളുടെ ഉടമകള്‍ക്ക് പോലീസ് പിഴ ചുമത്താൻ തുടങ്ങി.
ഞായറാഴ്ച മാത്രം 86 വാഹനങ്ങളും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയതായാണ് കണക്ക്. ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ആയിരം രൂപും ടോൾ തുകയുമാണ് പിഴയായി ട്രാഫിക് പോലീസ് ഈടാക്കുന്നത്.ടോള്‍ നല്‍കാൻ വിസമ്മതിക്കുന്ന വരുമായുള്ള തർക്കങ്ങള്‍ ഒഴിവാക്കാൻ പ്ലാസയിലെ ജീവനക്കാർ വാഹനങ്ങള്‍ തടഞ്ഞുനിർത്തുന്നത് നിർത്തിയതോടെയാണ് ടോള്‍ വെട്ടിപ്പ് വ്യാപകമായത്. ടോള്‍ നല്‍കാതെ കടന്നുപോകുന്നവയില്‍ ഭൂരിഭാഗവും കാറുകളാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ടോള്‍ പ്ലാസ അധികൃതർ കൃത്യമായി പോലീസിന് കൈമാറുന്നുണ്ട്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വാഹന ഉടമകള്‍ക്ക് പിഴയടക്കം കനത്ത തുക നഷ്ടമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

