വയനാട് മുനീശ്വരൻ കുന്നിൽ വാകയാട് എച്ച് എസ് എസ് വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിച്ചു
വനസംരക്ഷണ സന്ദേശവുമായി വാകയാട് എച്ച്എസ്എസ് വിദ്യാർത്ഥികൾ വയനാട് മുനീശ്വരൻകുന്നിൽ
നടുവണ്ണൂർ : വന മഹോത്സവത്തോടാനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ സഹകരണത്തോടെ വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റും സ്കൂൾ ഫോറസ്ട്രി ക്ലബ്ബും സംയുക്തമായി വയനാട് മുനീശ്വരൻ കുന്ന് ഇക്കോ ടൂറിസം സെന്ററിലേക്ക് പരിസ്ഥിതി പഠന യാത്രയും മഴ നടത്തവും സംഘടിച്ചു. പ്രകൃതിയെ അടുത്തറിയാനും വന സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രകൃതിക്ക് ഭീഷണിയായ വിദേശ കളകൾ നീക്കം ചെയ്യാനും വിദ്യാർത്ഥികൾ സമയം കണ്ടെത്തി. വനങ്ങളുടെ പ്രാധാന്യം, ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥ വ്യതിയാനം നേരിടുന്നതിൽ കാടുകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി സംവദിച്ചു.
വന മഹോത്സവ സന്ദേശം ഉയർത്തി പിടിച്ച് വൃക്ഷ തൈ നട്ട് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുബീർ.പി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ക്ലസ്റ്റർ കോ കോർഡിനേറ്റർ എം സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുകുന്ദൻ കെ ,മക്കിമല എ വി എസ് എസ് സെക്രട്ടറി അഖിൽ പി സി ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ .നിഷിത കെ കെ എന്നിവർ സംസാരിച്ചു. സൗഹൃദ കോഡിനേറ്റർ പി കെ രാഖി സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രബിന കെ നന്ദിയും പറഞ്ഞു

