പനമരത്ത് യാത്ര ചെയ്യാത്ത ബൈക്കുടമയ്ക്ക് പിഴ നോട്ടീസ്
ഉള്ളിയേരി ഒറവിൽ സ്വദേശി മണ്ണാട്ടേരി ബഷീറിനാണ് പിഴ നോട്ടീസ് ലഭിച്ചത്.
നടുവണ്ണൂർ: പനമരത്തെ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കാത്ത ഉടമയ്ക്ക് പിഴയിട്ടതായി പരാതി. KL11N4387 നമ്പർ ഹീറോ ഹോണ്ട സ്‌പ്ലൻഡർ ബൈക്കുടമ ഉള്ളിയേരിയിലെ ഒറവിൽ സ്വദേശി മണ്ണാട്ടേരി ബഷീറിനാണ് ഗതാഗ്രത നിയമലംഘനത്തിന് പനമരം പോലീസ് രണ്ട് കേസ് ചാർജ് ചെയ്തത്. 2024 സെപ്റ്റംബർ എട്ടിനും 2024 ഡിസംബർ രണ്ടിനും ഹെൽമെറ്റ് വെയ്ക്കാതെ സ്റ്റേഷൻ പരിധിയിലൂടെ ബൈക്കിൽ സഞ്ചരിച്ചു എന്നാണ് കുറ്റം. ഡിസംബറിലെ യാത്രയിൽ ബൈക്കിൻ്റെ പിൻ സീറ്റിൽ രണ്ടു പേരെ കയറ്റി യാത്ര ചെയ്തതായും കണ്ടെത്തിയിരുന്നു. നിയമലംഘനം നടത്തിയ അറിയിപ്പ് ഫോൺ മെസേജ് വഴിയാണ് ബഷീറിന് ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ താൻ പരമരത്തേക്ക് ബൈക്കുമായി പോയിട്ടില്ലെന്ന വിശദീകരണം 2024 ഡിസംബർ 11-ന് ബഷീർ പനമരം പോലീസ് എസ്എച്ച് ഒവിന് നൽകിയിരുന്നു. തൻ്റെ ബൈക്ക് നമ്പർ മറ്റാരോ ഉപയോഗിക്കുന്നതായി സംശയിക്കുന്നതായും വിശദീകരണത്തിൽ പറഞ്ഞിരുന്നു. നിയമലംഘനം നിലനിൽകുന്ന സാഹചര്യത്തിൽ ബഷീർ വിവരാവകാശ നിയമപ്രകാരം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ഫോട്ടോകൾ തരണമെന്ന് അപേക്ഷ നൽകിയിരുന്നു. അതുപ്രകാരം രണ്ട് ഫോട്ടോകൾ ലഭിച്ചു. ഒന്നിൽ ബൈക്കുയാത്രക്കാരൻ്റെ നെഞ്ചിന് താഴോട്ടുള്ള ചിത്രമാണ് ലഭിച്ചതെന്നും മറ്റൊന്നിൽ നമ്പർ പ്ലേറ്റിൻ്റെ ഭാഗം വ്യക്തമല്ലെന്നും ബഷീർ പറഞ്ഞു. നിയമലംഘനം നടത്തിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ബഷീർ.

