കോഴിക്കോട് മൾട്ടിമോഡൽ ഇക്കണോമിക് കോറിഡോർ, പ്രപ്പോസൽ സമർപ്പിച്ചു.
കോഴിക്കോട് മൾട്ടിമോഡൽ ഗ്രീൻ ഇക്കണോമിക് ആൻഡ് ടൂറിസം കോറിഡോർ, പ്രപ്പോസൽ പേരാമ്പ്ര എം എൽ എ ഫാത്തിമ തെഹ് ലിയയയ്ക്ക് സമർപ്പിച്ചു.
കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ വടക്ക്-കിഴക്കൻ മലയോര മേഖലകളുടെ വികസനത്തിനും ടൂറിസം-നിക്ഷേപ സാധ്യതകൾക്കും വലിയ ഉണർവേകുന്ന 'കോഴിക്കോട് മൾട്ടി-മോഡൽ ഗ്രീൻ ഇക്കണോമിക് ആൻഡ് ടൂറിസം കോറിഡോർ' പദ്ധതിയുടെ പ്രാഥമിക പ്രൊപ്പോസൽ ജനകീയ കൂട്ടായ്മയായ 'റൈസ് കളക്റ്റീവ്' പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ് ലിയയയ്ക്ക് സമർപ്പിച്ചു. കുറ്റിയാടി ചുരം മുതൽ കോഴിക്കോട് വരെ നീളുന്ന ടൂറിസം/എക്കണോമിക് കോറിഡോർ, കണ്ണൂർ എയർപോർട്ട്-കുറ്റിയാടി നാലുവരിപ്പാത, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്, PUKC റോഡ്, കോഴിക്കോട്-ബാലുശ്ശേരി റോഡ്, മലയോര ഹൈവേ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സമഗ്ര റോഡ് നെറ്റ്‌വർക്കാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഒളോപാറ, ജാനകിക്കാട്, പെരുവണ്ണാമൂഴി, നിർദ്ദിഷ്ട കോഴിക്കോട് ബയോളജിക്കൽ പാർക്ക്, കക്കയം, തോണിക്കടവ്, വയലട, ബാണാസുര സാഗർ എന്നിവയെ ബന്ധിപ്പിച്ചുള്ള ടൂറിസം സോൺ, എഡ്യൂക്കേഷൻ ഹബ്ബുകൾ, അഗ്രി-ബിസിനസ് സോണുകൾ എന്നിവ പദ്ധതി വിഭാവനം ചെയുന്നു. ദേശീയപാതകൾ, റെയിൽവേ, ബേപ്പൂർ തുറമുഖം, ദേശീയ ജലപാത, കോഴിക്കോട്-കണ്ണൂർ വിമാനത്താവളങ്ങൾ എന്നിവയെ ഈ സോണുകളിലേക്ക് ബന്ധിപ്പിക്കുന്ന വലിയൊരു ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്റ്റ് ആണിത്. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാമെന്നും, കോഴിക്കോട് ജില്ലയിലെ മറ്റ് എംഎൽഎമാരെക്കൂടി ഏകോപിപ്പിച്ച് ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ ആവശ്യമായ മുൻകൈ എടുക്കാമെന്നും എംഎൽഎ ഉറപ്പ് നൽകി. വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളുമായി ബന്ധപ്പെടുന്ന മറ്റ് ജനപ്രതിനിധികളെയും കണ്ട് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കുമെന്ന് മീറ്റിങ്ങിൽ സംബന്ധിച്ച 'റൈസ് കളക്റ്റീവ്' ഭാരവാഹികളായ പ്രവീൺ എൻയു, കുഞ്ഞിക്കണ്ണൻ ചെറുകാട്, ഓഎം കൃഷ്ണകുമാർ, അബ്ദുൽ ലത്തീഫ് ടിപി, റിട്ട. മേജർ സേതുമാധവൻ എൻ, റിട്ട എക്സി. എഞ്ചിനിയർ രാധാകൃഷ്ണൻ പി എന്നിവർ അറിയിച്ചു.

