നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഡങ്കി പനിയും എച്ച് വൺ,എൻ വൺ പനിയും റിപ്പോർട്ട് ചെയ്തിട്ടുള്ള 15,7 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് മെമ്പർമാരുടെയും ഹെൽത്ത് ജീവനക്കാരുടെയും മേൽനോട്ടത്തിൽ നടത്തി.
നടുവണ്ണൂർ: ഡെങ്കിപ്പനിയും എച്ച് വൺ എൻ വൺ പനിയും റിപ്പോർട്ട് ചെയ്ത നടുവണ്ണൂർ പാഞ്ചായത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തി.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പതിനഞ്ചാം വാർഡിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ വിദഗ്ദ സംഘം എത്തി പരിശോധന നടത്തി., കൊതുകിന്റെ ഉറവിട നശീകരണവും കൂത്താടികളെ കണ്ടെത്തി നശിപ്പിക്കലും നടത്തി. ഒരു ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ, ആരോഗ്യ പ്രവർത്തകർ ആശാ പ്രവർത്തകർ ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവർ ഉൾപ്പെടെ 15 ഓളം വരുന്ന സംഘമാണ് പ്രദേശത്ത് പ്രവർത്തനങ്ങൾ നടത്തിയത്. പ്ലാസ്റ്റിക് ഷീറ്റുകളിലും, പൊതുസ്ഥലത്തും മറ്റും വലിച്ചെറിഞ്ഞ ഒഴിഞ്ഞ കുപ്പികളിലും ആണ് കൂടുതലായും കൊതുകിന്റെ കൂത്താടികളെ കണ്ടെത്തിയത്. വീടിന്റെ ടെറസ്, ഫ്രിഡ്ജിന്റെ ട്രേ, ചെടിച്ചട്ടികൾ, അലക്ഷ്യമായി വലിച്ചെറിഞ്ഞ പൊട്ടിയ പാത്രങ്ങൾ,ചിരട്ടകൾ, പാളകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത് ഒഴിവാക്കാൻ ആഴ്ചയിൽ ഒരിക്കൽ ഉറവിട നശീകരണം നടത്തണമെന്ന് അറിയിച്ചു.പാലയാട്ട് സ്കൂളിന് സമീപത്തെ വീടുകളിൽ കൊതുകുകളെ നശിപ്പിക്കുന്നതിന് ഐ എസ് എസ് മരുന്നു തളി നടത്തി.
പ്രവർത്തനങ്ങൾക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്, ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷൻ ടി എന്നിവർ നേതൃത്വം നൽകി.
എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്ത കരുവണ്ണൂരിൽ ഏഴാം വാർഡിലെ 102 വീടുകളിൽ ഫീവർ സർവേ നടത്തി. പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു.
വാർഡ് മെമ്പർ കൃഷ്ണ ദാസ് ചീഡത്തിൽ അധ്യക്ഷത വഹിച്ചു. പനിയും ജലദോഷവും ഉള്ളവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭ്യമാക്കാനും, അത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനും തീരുമാനിച്ചു.വിവിധ ആശുപത്രികളിൽ പോകുന്ന വരും, വെയിറ്റിംഗ് ഏരിയയിൽ ഇരിക്കുന്ന കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ചിത്രാമുകുന്ദൻ അറിയിച്ചു.

