ലോട്ടറിയടിച്ചു: തുക പത്തു വർഷമായി കിട്ടിയില്ല.
നരിക്കുനിയിൽ അരീക്കര കോയ ആണ് നിർഭാഗ്യവാൻ. 2016 ൽ അടിച്ച കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി ഇതുവരെ കിട്ടിയില്ല.
നരിക്കുനി: പത്തുവർഷം മുൻപ് ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും ആ പണം ലഭിക്കാതെ നിർഭാഗ്യവാനായി ഓട്ടോ ഓടിക്കുകയാണ് 73കാരനായ അരീക്കര കോയ. 2016 ജൂലായ് ഒമ്പതിന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ (Ticket No: KE 454045) ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് കോയയ്ക്ക് ലഭിച്ചത്. ഇന്നും പുല്ലാളൂർ മച്ചക്കുളത്തെ വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.
ഒരു യാത്രയ്ക്കിടെ അരീക്കോട് ബസ് സ്റ്റാൻഡിലെ ലോട്ടറി ഏജന്റായ എ.വി. ദേവരാജനിൽ നിന്നാണ് കോയ ഈ ടിക്കറ്റെടുത്തത്. എന്നാൽ ടിക്കറ്റിന് ചെറിയ കേടുപാടു സംഭവിച്ചതിനാൽ തുക നൽകാൻ ബാങ്ക് ഉദ്യോഗസ്ഥർ തടസ്സവാദമുന്നയിക്കുകയും മുഖ്യമന്ത്രിയെ നേരിൽ കാണാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ജൂലായ് 13-ന് സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഭാഗ്യക്കുറി വകുപ്പ് ഓഫീസിലെത്തി ടിക്കറ്റ് കൈമാറിയെങ്കിലും, നടപടികൾക്കായി മൂന്നു മാസത്തെ സമയം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് ടിക്കറ്റ് നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. തുടർന്ന് ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക്കിനും മുഖ്യമന്ത്രിയുടെ ഓഫീസിലും കോയ പരാതി നൽകി. പരാതിയിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, സമ്മാനാർഹമായ ടിക്കറ്റ് ഓഫീസിൽ ഹാജരാക്കിയതിന് മതിയായ തെളിവില്ലെന്ന് കാണിച്ച് 2018 മാർച്ച് മാസത്തിൽ ലോട്ടറി വകുപ്പ് പരാതി തള്ളി. ടിക്കറ്റ് വിറ്റ ഏജന്റ് നൽകിയ സാക്ഷ്യപത്രവും വകുപ്പ് പരിഗണിച്ചില്ല.
തുടർന്ന് കോയ കോടതിയെ സമീപിച്ചു. 2021-ൽ സമ്മാനത്തുക നൽകുന്ന കാര്യത്തിൽ അർഹമായ തീരുമാനമെടുക്കാൻ ലോട്ടറി വകുപ്പിനോട് ഹൈക്കോടതി നിർദേശിച്ചെങ്കിലും ഇതുവരെ യാതൊരു തുടർനടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

