ലോറിയിൽ നിന്ന് മാർബിൾ ഇറക്കുമ്പോൾ അപകടം വാകയാട് സ്വദേശി മരിച്ചു
ലോറിയിൽ നിന്ന് മാർബിൾ ഇറക്കുമ്പോൾ ദേഹത്തേക്ക് വീണ് ഷിബിയാണ് മരിച്ചത്. മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
കോഴിക്കോട്: ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ഫലകങ്ങൾ ദേഹത്തേക്ക് വീണ് അതിദാരുണമായി തൊഴിലാളി മരണപ്പെട്ടു. വാകയാട് സ്വദേശി ഷിബി (42) ആണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിലാണ് അപകടം നടന്നത്. പ്രദേശത്ത് പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് ലോറിയിൽ കൊണ്ടുവന്ന മാർബിൾ ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫലകങ്ങൾ ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഷിബിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഷെറിൻ ലാലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

