ഡോക്ടറെ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം ഡോക്ടർ നിഖിൽ ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഡോക്ടറുമായ നിഖിൽ ചന്ദ്രനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗം ഡോക്ടറായിരുന്നു അദ്ദേഹം. മരണകാരണം വ്യക്തമല്ല.
കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോ. നിഖിൽ. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതിനെ തുടർന്ന് സുഹൃത്തുക്കൾ ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞയുടൻ മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ അപ്രതീക്ഷിത വേർപാട് മെഡിക്കൽ കോളേജിലെ സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്

