കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പിന് വീണ്ടും പുരസ്കാരം
ഹയർ സെക്കൻഡറി സ്കൗട്ട് വിഭാഗത്തിൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരം നേടിയ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പിനുള്ള സ്നേഹോപഹാരം സ്റ്റേറ്റ് സെക്രട്ടറി ഡോ. അബ്ദു റഹൂഫ് നൽകുന്നു.
ബാലുശ്ശേരി : ഹയർ സെക്കൻഡറിയിലെ സ്കൗട്ട് വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരം നേടി. കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിന് ജില്ലാ തലത്തിൽ ആദരം നൽകി. ഇത് മൂന്നാം തവണയാണ് സ്കൗട്ട് ട്രൂപ്പ് പുരസ്കാര നേട്ടം കൈവരിക്കുന്നത്. ജില്ല സ്കൗട്ട് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന സ്നേഹാദരം പരിപാടിയിൽ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സ്റ്റേറ്റ് സെക്രട്ടറി ഡോ. അബ്ദുറഹൂഫ് ആദര സ്നേഹോപഹാരം നൽകി.
ട്രൂപ്പ് ലീഡർ സഹജ് വിനോദും സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്തും സ്‌കൂളിനു വേണ്ടി ഉപഹാരം ഏറ്റുവാങ്ങി. ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് മത്സരത്തിൽ രണ്ടു വർഷങ്ങളിലായി വിവിധ മേഖലകളിൽ നടന്ന പ്രവർത്തനങ്ങളുടെ മികവിനാണ് അംഗീകാരം. ലഹരി വിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജലസംരക്ഷണ ബോധവൽക്കരണം, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, റോഡ് സുരക്ഷ ബോധവൽക്കരണം, മെസഞ്ചർ ഓഫ് പീസ്, ദേശീയോദ്ഗ്രഥനം, സ്കൗട്ടിംഗ് പ്രവർത്തനങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിലെ പ്രവർത്തന മികവിനാണ് അംഗീകാരം. മുമ്പ് രണ്ട് തവണ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് മത്സരത്തിൽ സംസ്ഥാനതല പുരസ്കാരം നേടിയിട്ടുണ്ട് കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൗട്ട് ട്രൂപ്പ്.

