ചങ്ങരോത്ത് വീട് പൂർണ്ണമായി കത്തിനശിച്ചു, ഭാഗ്യം കൊണ്ട് ജീവൻ നഷ്ടമായില്ല..
പാലേരി ആണിയോട് ഗിരീഷിന്റെ വീടാണ് ഇന്ന് പുലർച്ചെ കത്തി നശിച്ചത്. വീട്ടുപകരണങ്ങളും രേഖകളും പൂർണ്ണമായി നഷ്ടപ്പെട്ടു.
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പാലേരി താനിയോട് ഗിരീഷിന്റെ വീട് തീപിടിത്തത്തിൽ പൂർണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തലനാരിഴയ്ക്കാണ് വീട്ടുകാർ വലിയൊരു ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന്, നിർമാണം നടന്നു കൊണ്ടിരിക്കുന്ന തൊട്ടടുത്ത വീട്ടിലാണ് ഗിരീഷും കുടുംബവും രാത്രി ഉറങ്ങാൻ കിടന്നത്. ഇതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. വീടിന് തീപിടിച്ച വിവരമറിഞ്ഞ് നാട്ടുകാർ ഉടൻതന്നെ പേരാമ്പ്ര ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
. തീപിടിത്തത്തിൽ വീട്ടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടെലിവിഷൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൃഹോപകരണങ്ങളും, പുതിയ വീടിന്റെ നിർമാണത്തിനായി കരുതിവെച്ചിരുന്ന മരങ്ങളും വയറിങ് സാമഗ്രികളും കത്തിച്ചാമ്പലായി. കൂടാതെ കുട്ടികളുടെ പുസ്തകങ്ങൾ, വിദ്യാഭ്യാസ രേഖകൾ, കുടുംബത്തിന്റെ പ്രധാനപ്പെട്ട ആധാരം, റേഷൻ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാം തീയിലമർന്നു.
. ഏകദേശം എട്ട് ലക്ഷം രൂപയുടെ ഭൗതിക നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കാക്കൽ. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഫയർഫോഴ്‌സും പോലീസും കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

