ബസ് ജീവനക്കാരുടെ ഇടപെടൽ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു
കുറ്റ്യാടി -കോഴിക്കോട് റൂട്ടിലോടുന്ന ഒമേഗ ബസ്സിൽ യാത്രക്കാരന് നെഞ്ചുവേദന ഉണ്ടായപ്പോൾ ബസ് ഉടൻ ആശുപത്രിയിലേക്ക് കുതിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു. ജീവനക്കാരെ നാട്ടുകാർ അനുമോദിച്ചു
അത്തോളി:മത്സരഓട്ടത്തിന്റെ പേരിൽ നിരന്തരം വാർത്തകളിൽ ഇടംപിടിക്കാറുള്ള കോഴിക്കോട്-അത്തോളി-കുറ്റ്യാടി റൂട്ടിൽ നിന്നും മാതൃകാപരമായ ഒരു ജീവൻ രക്ഷാ വാർത്ത. ഹൃദയാഘാതംഅനുഭവപ്പെട്ട യാത്രക്കാരന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിച്ച "ഒമേഗ" ബസിലെജീവനക്കാർക്ക് നാട്ടുകാരുടെ ആദരം. അത്തോളി
. വേളൂർ വെസ്റ്റ് സ്വദേശി നൗഫൽ കുനിയിലും ഭാര്യയും അത്തോളി വേളൂരിൽ നിന്നും കഴിഞ്ഞ ആഴ്ച കോഴിക്കോടേക്ക് പോകുന്നതിനായി ഒമേഗ ബസിൽ കയറി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ബസ്പാവങ്ങാട് എത്തിയപ്പോൾ നൗഫലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന്ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാമെന്ന് കരുതിയെങ്കിലും, സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കിയ ബസ് ജീവനക്കാർ ഒട്ടും സമയം കളയാതെ ബസ് നേരിട്ട് ഫാത്തിമ ആശുപത്രിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മറ്റ് യാത്രക്കാരും ഇതിനോട് പൂർണ്ണമായി സഹകരിച്ചതോടെ, ഗതാഗതക്കുരുക്കുകൾ മറികടന്ന് രോഗിയെ സമയത്തുതന്നെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചു.കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സയെത്തുടർന്ന് നൗഫൽ സുഖം പ്രാപിച്ചു വരുന്നു.
. ബസ് ജീവനക്കാരുടെ ഈ കരുതലിനും സമയരോചിതമായ ഇടപെടലിനും നന്ദി അറിയിച്ചുകൊണ്ട് നാട്ടുകാർ കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തി "ഒമേഗ" ബസിലെ ജീവനക്കാരെ ആദരിച്ചു.

