ടി വിക്ക് തീ പിടിച്ച് അപകടം വീടിന് നാശനഷ്ടം
പയോളിയിൽ ടെലിവിഷൻ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം
പയ്യോളി: പയ്യോളിയിൽ ടി.വി. പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വീടിന് വ്യാപക നാശനഷ്ടം. തുറയൂർ എരുവോട്ട് വയലിൽ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലെ ടെലിവിഷനാണ് ഓൺ ചെയ്തപ്പോൾ പൊട്ടിത്തെറിച്ചത്. സംഭവസമയം മീനാക്ഷി വീട്ടിൽ തനിച്ചായിരുന്നു.
. വൈകീട്ട് നാലോടെ ടി.വി.യുടെ സ്വിച്ച് ഓൺ ചെയ്ത ഉടൻതന്നെ ഇതിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മീനാക്ഷി ടി.വി. ഓഫ് ചെയ്ത് പ്ലഗ് ഊരിമാറ്റുകയും ചെയ്തു. തുടർന്ന് സമീപത്ത് താമസിക്കുന്നവരെ വിളിച്ച് വിവരം പറയുന്നതിനിടെ വലിയ ശബ്ദത്തോടെ രണ്ട് തവണ ടി.വി. പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് വീട്ടിൽ തീ പടർന്നുപിടിക്കുകയാണുണ്ടായത്
. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാർ ഒത്തുകൂടി തീയണച്ചിരുന്നു. സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിൽ വീടിന്റെ ചുമരുകളിൽ വിള്ളൽ വീണ നിലയിലാണ്. കൂടാതെ വീട്ടിലുണ്ടായിരുന്ന മറ്റ് സാധനസാമഗ്രികളും പൂർണ്ണമായും ഉപയോഗശൂന്യമായ നിലയിൽ നശിച്ചിട്ടുണ്ട്. ടെലിവിഷൻ പൊട്ടിത്തെറിക്കാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

