headerlogo
local

കോക്കല്ലൂർ വിദ്യാലയത്തിൽ "ഓർമ്മത്തണൽ" പൂർവ്വഅധ്യാപക പൂർവ്വവിദ്യാർത്ഥി സംഗമം

കോക്കല്ലൂർ സ്കൂളിൽ "ഓർമ്മത്തണൽ" പൂർവ്വ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമം ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു

 കോക്കല്ലൂർ വിദ്യാലയത്തിൽ
avatar image

NDR news

27 Oct 2026 12:38 PM

ബാലുശ്ശേരി :"ഓർമ്മത്തണൽ" എന്ന പേരിൽ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ഗൃഹാതുരത ഉണർത്തിയ മിഠായികൾ, പലഹാരങ്ങൾ, സ്‌കൂൾ ഓർമ്മകൾ നിറഞ്ഞ വസ്തുക്കൾ, ബ്ലാക്ക് ബോർഡ്, ചോക്ക് തുടങ്ങിയവയൊക്കെ വേദിയിൽ നിരത്തി വെച്ചുകൊണ്ട് നടത്തിയ സംഗമത്തിന് പ്രിൻസിപ്പൽ എൻ.എം.നിഷ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ മംഗളദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. 

.      വിട പറഞ്ഞ പൂർവ്വ അധ്യാപകർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും സ്നേഹപ്രണാമം അർപ്പിച്ചു കൊണ്ടാണ് "ഓർമ്മത്തണൽ" ഒത്തുചേരലിന് തുടക്കമായത്. പഴയ സ്‌കൂൾ ബെല്ലിന്റെ നീണ്ട മണി മുഴക്കിയ ശേഷം പൂർവ്വ വിദ്യാർത്ഥിനി ലിയയുടെ പ്രാർത്ഥനയോടെയാണ് കാര്യപരിപാടികൾക്ക്ആരംഭം കുറിച്ചത്. 

.      സാമൂഹിക സേവന പൊതുപ്രവർത്തന രംഗത്ത് കർമ്മനിരതനായ കോക്കല്ലൂരിലെ കാരണവർ ടി.കെ. മൂസ്സക്കോയ ഹാജിക്ക് "ഓർമ്മത്തണൽ" സ്‌നേഹോപഹാരം പഞ്ചായത്ത് പ്രസിഡൻ്റ് സമ്മാനിച്ചു. സ്‌കൂളിലെ പൂർവ്വ അധ്യാപക ദമ്പതിമാർ, ഏറ്റവും കൂടുതൽ കാലം സ്കൂളിൽ സേവനം ചെയ്തവർ, കോക്കല്ലൂരിൽ പഠിച്ച് പിന്നീട് കോക്കല്ലൂരിൽ അധ്യാപകരായവർ എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ കെ.എം. മണി ആമുഖപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സി.കെ രാജീവൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

.     മുൻ പ്രിൻസിപ്പൽമാർ, മുൻ ഹെഡ് മാസ്റ്റർമാർതുടങ്ങി പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഓർമ്മകൾ പുതുക്കിക്കൊണ്ട് സംസാരിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് പൂർവ്വ അധ്യാപക സംഘം, പൂർവ്വ വിദ്യാർത്ഥി സംഘം എന്നിങ്ങനെ രണ്ട് താല്ക്കാലിക കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. പരിപാടിക്ക് പിന്തുണ നൽകിയ സുഖിനോ വെൽനസ് സെന്റർ കൂനഞ്ചേരി മുക്ക് ഉടമയും പൂർവ്വ വിദ്യാർത്ഥിയുമായ അസ്‌ലം ബക്കർ പരിപാടിയിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയ സൗജന്യ മൂന്നാർ വിനോദ യാത്ര സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ രണ്ട് പൂർവ്വ അധ്യാപക കുടുംബങ്ങൾ, രണ്ട് പൂർവ്വ വിദ്യാർത്ഥി കുടുംബങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് ചായ, ലഘുഭക്ഷണം, ഗാനവിരുന്ന് എന്നിവ നടന്നു. സ്‌കൂൾ സചിത്രം എന്ന പേരിൽ വീഡിയോകളും ഫോട്ടോകളും സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറി പി. പ്രമോദ് നന്ദി പറഞ്ഞു. ഒടുവിൽ സ്‌കൂൾ ലോംഗ് ബെൽ മുഴക്കി ദേശീയ ഗാനത്തോടെ പരിപാടിക്ക് സമാപനമായി.

NDR news
27 Oct 2026 12:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents