headerlogo
local

മാലിന്യത്തിൽ നിന്നും വിസ്മയം; മുക്കത്തിന്റെ മൊഞ്ചു കൂട്ടാൻ ഇനി 'കുപ്പിയാന'യും

ഉപയോഗശൂന്യമായ 3247 പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് കുപ്പിയാനയെ നിർമ്മിച്ച് "മൊഞ്ചുള്ള മുക്കം" പദ്ധതി ശ്രദ്ധേയമായി.

 മാലിന്യത്തിൽ നിന്നും വിസ്മയം; മുക്കത്തിന്റെ മൊഞ്ചു കൂട്ടാൻ ഇനി 'കുപ്പിയാന'യും
avatar image

NDR news

27 Nov 2026 06:53 PM

മുക്കം: മാലിന്യമെന്ന് കരുതി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് കലയുടെ കൈയൊപ്പ് ചാർത്തി മുക്കത്തിന്റെ മൊഞ്ചുകൂട്ടാൻ ഇനി കുപ്പിയാനയും. മുക്കം നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ–സൗന്ദര്യവത്കരണ പദ്ധതിയായ 'മൊഞ്ചുള്ള മുക്കം' രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അഭിലാഷ് ജംഗ്ഷനിൽ സ്ഥാപിച്ച കുപ്പിയാന നഗരവാസികളുടെയും യാത്രക്കാരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

.    ഉപയോഗശൂന്യമായ 3,247 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ഈ മനോഹരമായ ശിൽപം ഒരുക്കിയത്. പ്രശസ്ത ചിത്രകാരൻ ബൈജു ചിത്രപ്പുരയുടെ കലാപരമായ മാർഗനിർദേശത്തിൽ മുക്കം നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളാണ് വേറിട്ട ഈ കലാസൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ചത്. മാലിന്യങ്ങൾ വെറും ഉപേക്ഷിക്കേണ്ട വസ്തുക്കളല്ലെന്നും സർഗാത്മകതയിലൂടെ അവയെ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റാമെന്നുമുള്ള സന്ദേശം കൂടി കുപ്പിയാന പകരുന്നു.

.     നഗരത്തെ പൂന്തോട്ട നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും രണ്ടാംഘട്ടത്തിൽ പുരോഗമിക്കു കയാണ്. നഗരവീഥികളിൽ പൂച്ചട്ടികൾ സ്ഥാപിച്ചും പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും ഒരുക്കിയും മുക്കത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

.    നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങളും ജനകീയ ബോധവൽക്കരണവുമായിരുന്നു 'മൊഞ്ചുള്ള മുക്കം' പദ്ധതിയുടെ ഒന്നാംഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങൾ. രണ്ടാംഘട്ടത്തിൽ നഗരസൗന്ദര്യവത്കരണത്തിനൊപ്പം മാലിന്യങ്ങളിൽനിന്ന് കലാസൃഷ്ടികൾ ഒരുക്കുന്ന 'വെയ്സ്റ്റ് ടു ആർട്ട്', വലിച്ചെറിയൽ മുക്ത നഗരം, തുപ്പൽ മുക്ത നഗരം തുടങ്ങിയ ലക്ഷ്യങ്ങളും ഏറ്റെടുക്കുകയാണ് നഗരസഭ.

.    ശുചിത്വം എന്നത് മാലിന്യം നീക്കം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രകൃതിസൗഹൃദവും മനോഹരവുമായ നഗരജീവിതം സൃഷ്ടിക്കലാണെന്നും പ്രഖ്യാപിക്കുന്നതാണ് 'മൊഞ്ചുള്ള മുക്കം' പദ്ധതിയുടെ രണ്ടാംഘട്ടം.

.     രണ്ടാംഘട്ട സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി നിർവഹിച്ചു. ഡപ്യൂട്ടി ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഭവന വിനോദ്, കൗൺസിലർമാരായ സുഹറ വഹാബ്, അനിത ബാബു, ഷെരീഫ് വെണ്ണക്കോട്, ഷജീഷ് വായലത്ത്, സുനിൽ പൊയ്യേരി, രാജേഷ് പൊറ്റശ്ശേരി, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ജ്യോതിഷ് മണാശ്ശേരി, സിഡിഎസ് ചെയർപേഴ്സൺ ധനിഷ വൈസ് ചെയർപേഴ്സൺ ജോഷില സന്തോഷ് ഹെൽത്ത് ഇൻസ്പക്ടർമാരായ മജീദ് വി.കെ, സുനിൽ കുമാർ, വിശ്വംഭരൻ,ഹരിത കർമസേനാംഗങ്ങൾ, കണ്ടിജന്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

NDR news
27 Nov 2026 06:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents